അലഹബാദ്: ബോംബ് നിർമ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ അലഹബാദ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. സർവകലാശാലയിലെ എംഎ വിദ്യാർത്ഥിയായ പ്രഭാത് യാദവിനാണ് പരിക്കേറ്റത്. ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ വലതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇയാളെ എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മറ്റൊരു വിദ്യാർത്ഥിക്ക് നിസാര പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വിദ്യാർത്ഥി എന്തിനാണ് ബോംബ് നിർമ്മിച്ചതെന്ന് അന്വേഷിച്ച് വരികയാണ്. പ്രഭാത് യാദവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യും.