ദില്ലി: മോസ്കോയിൽ നിന്ന് ദില്ലിയിലെത്തിയ വിമാനത്തിൽ ബോംബ് വച്ചെന്ന സന്ദേശം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൃഷ്ടിച്ചത് മണിക്കൂറുകളോളം നീണ്ട ആശങ്ക. ഭീഷണി സന്ദേശത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിക്കുകയും വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. ജീവനക്കാരടക്കം 400 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം എത്തുകയായിരുന്നു.
മോസ്‌കോയിൽ നിന്ന് പുലർച്ചെ 3.20നാണ് വിമാനം ദില്ലി വിമാനത്താവളത്തിൽ എത്തിയതെന്ന് പൊലീസ് അറിയിച്ചു. “പുലർച്ചെ 3:20 ന് മോസ്കോയിൽ നിന്ന് ടെർമിനൽ 3 (ടി 3) ലേക്ക് എത്തുന്ന വിമാനത്തിൽ ബോംബ് ഉണ്ടെന്ന് രാത്രി 11:15 ന് ഒരു കോൾ ലഭിക്കുകയായിരുന്നു” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 384 യാത്രക്കാരെയും 16 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി വശദമായ പരിശോധന നടത്തി.
ഇതാദ്യമായല്ല ഇത്തരം ഭീഷണി സന്ദേശങ്ങൾ ദില്ലി വിമാനത്താവളത്തിൽ ലഭിക്കുന്നത്. സെപ്തംബർ 10 ന് ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനതതിൽ ബോംബുവച്ചതായി സന്ദേശം ലഭിച്ചിരുന്നു. റൻഹോല പൊലീസ് സ്റ്റേഷനിലേക്കാണ് സന്ദേശം ലഭിച്ചത്. വേൾഡ് ട്രേഡ് സെന്റർ തകർത്ത സെപ്തംബർ 11 ആക്രമണത്തിന്റെ മാതൃകയിൽ ആക്രമണം നടത്താനാണ് പദ്ധതിയിടുന്നതെന്നായിരുന്നു സന്ദേശം.