ന്യൂഡൽഹി: ബംഗാൾ രാഷ്ട്രീയത്തിൽ ബോംബ് ഉണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷ്. തത്വങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രീയം പ്രവർത്തിക്കാത്തവർക്ക് ബിജെപിയിൽ തുടരാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ബിജെപി ഉപാധ്യക്ഷനും എംപിയുമായ അർജുൻ സിങ് ഞായറാഴ്ച തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന അർജുൻ സിങ് 2019ലാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്.
അർജുൻ സിങ് ബോംബ് ഉണ്ടാക്കുന്നുവെന്ന ദിലീപ് ഘോഷിന്റെ മുൻ ആരോപണം ഉന്നയിച്ച്, അത് ശരിയാണെങ്കിൽ എന്തിനാണ് അദ്ദേഹത്തെ ബിജെപിയിലെടുത്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. ‘ഞങ്ങൾ ഒരുപാട് ആളുകളെ പാർട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗാളിൽ ബോംബ് ഉണ്ടാക്കുന്നത് ഒരു സാധാരണ കാര്യമാണ്. തൃണമൂലിൽനിന്ന് വരുന്നവൻ ഇങ്ങനെയായിരിക്കും. അതിനെ നേരിടാൻ നിയമമുണ്ട്. ഒന്നുകിൽ അവർ, അല്ലെങ്കിൽ അവരെ ലക്ഷ്യമിട്ട് മറ്റുള്ളവർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അദ്ദേഹം ബിജെപിയിൽ വന്നപ്പോൾ, അദ്ദേഹത്തിനെതിരായ പ്രശ്നങ്ങൾ വർധിച്ചു. അദ്ദേഹത്തിനു പൊരുത്തപ്പെടാൻ കഴിഞ്ഞില്ല, അതാണ് അദ്ദേഹത്തിന്റെ പ്രശ്നം’– അദ്ദേഹം കൂട്ടിച്ചേർത്തു.
‘മമത ബാനർജിയെ പ്രധാനമന്ത്രിയായി കാണണമെന്നു നിങ്ങൾ പറയുന്നില്ലെങ്കിൽ നിങ്ങൾക്കു തൃണമൂൽ കോൺഗ്രസിൽ തുടരാനാകില്ല. ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ്. തത്വങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രീയം പ്രവർത്തിക്കാത്തവർക്ക് ബിജെപിയിൽ തുടരാൻ പ്രയാസമാണ്. തത്വങ്ങളിലും നയങ്ങളിലും വിശ്വസിക്കുന്നവർക്ക് അനുയോജ്യമായ പാർട്ടിയാണ് ബിജെപി. തൃണമൂൽ വിട്ട് വരുന്നവർക്ക് ബിജെപിയിൽ തുടരുക ബുദ്ധിമുട്ടാണ്. അഡ്ജസ്റ്റ് ചെയ്യണം. അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നവർ പാർട്ടിയിലുണ്ട്, പറ്റാത്തവർ പോകുന്നു’– അദ്ദേഹം പറഞ്ഞു.