ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് അസ്ഥികളുടെ ആരോഗ്യം മോശമായേക്കാം. കാരണം ഈസ്ട്രജന്‍റെ അളവ് കുറയുന്നത് അസ്ഥികളുടെ സാന്ദ്രതയെ ഗണ്യമായി ദുർബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യുന്നു. എന്നാല്‍ ആർത്തവവിരാമ സമയത്ത് അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ത്രീകൾക്ക് ഈ പ്രശ്നം വരാനുള്ള സാധ്യതയെ ലഘൂകരിക്കാനാകും.
അത്തരത്തില്‍ ആർത്തവവിരാമ സമയത്ത് എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില തരം ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ
എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട ഒരു പ്രധാനപ്പെട്ട ധാതുവാണ് കാത്സ്യം. 50 വയസിന് മുകളിലുള്ള സ്ത്രീകൾ പ്രതിദിനം 1,200 മില്ലിഗ്രാം കാത്സ്യം കഴിക്കണമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർത്രൈറ്റിസ് ആൻഡ് മസ്കുലോസ്കലെറ്റൽ ആൻഡ് സ്കിൻ ഡിസീസസ് നിർദ്ദേശിക്കുന്നത്. ഇതിനായി പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്തുക. ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ ഇലക്കറികള്‍, ബദാം തുടങ്ങിയവ കഴിക്കുക.
2. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിൻ ഡി കാത്സ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥി ധാതുവൽക്കരണത്തിനും സഹായിക്കുന്നു. മത്സ്യം (സാൽമൺ, അയല), മുട്ടയുടെ മഞ്ഞക്കരു, ധാന്യങ്ങൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.
3. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍
മഗ്നീഷ്യം അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്നു. കാത്സ്യം, വിറ്റാമിൻ ഡി എന്നിവ നന്നായി ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. അതിനാല്‍ നട്സ് (ബദാം, കശുവണ്ടി), വിത്തുകൾ (മത്തങ്ങ, സൂര്യകാന്തി), ധാന്യങ്ങൾ, പച്ചിലക്കറികൾ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
4. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി മുട്ട, മത്സ്യം, മാംസം, പയറു വര്‍ഗങ്ങള്‍, നട്സ്, വിത്തുകള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കാം.
5. ഒമേഗ -3 ഫാറ്റി ആസിഡുകൾ
ഫാറ്റി ഫിഷ്, ഫ്ളാക്സ് സീഡുകൾ, വാള്‍നട്സ് എന്നിവയിൽ അടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
6. വിറ്റാമിന്‍ കെ
ചീര പോലെയുള്ള വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലുകള്‍ക്ക് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.