ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ ഇന്ത്യയുടെ പുത്തൻ അവതരണമായ കാറൻസിനുള്ള ബുക്കിങ്ങിന് 14നു തുടക്കമാവും. കാഴ്ചയിൽ എസ്‌യുവിയെ അനുസ്മരിപ്പിക്കുന്ന വിവിധോദ്ദേശ്യ വാഹന(എംപി വി)മായ കാറൻസിനെ റിക്രിയേഷണൽ വെഹിക്കിൾ (ആർവി) എന്നാണു കമ്പനി വിശേഷിപ്പിക്കുന്നത്. സെൽറ്റോസിന്റെ ഏഴു സീറ്റുള്ള വകഭേദമായ കാറൻസ് കിയ ഇന്ത്യ അനാവരണം ചെയ്തതു കഴിഞ്ഞ മാസം ആദ്യമാണ്. കാറൻസിന്റെ വില വിലയടക്കമുള്ള വിവരങ്ങൾ ഫെബ്രുവരിയിലോ മാർച്ചിലോ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. സെൽറ്റോസിനു സമാനമായ എൻജിൻ സാധ്യതകളോടെയാണു കാറൻസ് എത്തുന്നത്. കാറൻസിനു കരുത്തേകാൻ പെട്രോൾ വിഭാഗത്തിൽ 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (115 ബിഎച്ച്പി കരുത്തും 144 എൻഎം ടോർക്കും), 1.4 ലീറ്റർ ടർബോ (140 ബിഎച്ച്പി കരുത്തും 242 എൻഎം ടോർക്കും) എൻജിനുകളുണ്ടാവും. 1.5 ലീറ്റർ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും. ടർബോ പെട്രോളിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡിസിടി ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത.
ഇതിന പുറമെ 1.5 ലീറ്റർ ഡീസൽ എൻജിൻ സഹിതവും കാറൻസ് ലഭിക്കും. 115 ബിഎച്ച്പി കരുത്തും 250 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ എൻജിനൊപ്പമാവട്ടെ ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത. രണ്ടാം നിരയിലെ യാത്രികർക്കു കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും വാഗ്ദാനം ചെയ്താണു കാറൻസിന്റെ വരവ്. ആറും ഏഴും സീറ്റുകളോടെ ലഭ്യമാവുന്ന കാറൻസിന് ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ വീൽ ബേസാണു കിയ ഉറപ്പാക്കുന്നത്. പ്രായോഗികതയ്ക്ക് ഊന്നൽ നൽകി ബോട്ട്ൽ ഹോൾഡർ, തലപ്പൊക്കത്തിൽ ഘടിപ്പിച്ച എയർ വെന്റ്, മടക്കി ഒതുക്കി വെയ്ക്കാവുന്ന പിൻ സീറ്റ്, രണ്ടാം നിരയ്ക്കായി ട്രേ ടേബിൾ തുടങ്ങിയവയൊക്കെ കാറൻസിൽ കിയ ലഭ്യമാക്കുന്നുണ്ട്. എട്ടു സ്പീക്കർ സഹിതം ബോസ് ഓഡിയോ, 64 നിറത്തിലുള്ള ആംബിയന്റ് ലൈറ്റിങ്, രണ്ടാം നിര സീറ്റിന്റെ വാതിലിൽ പഡ്ൽ ലാംപ്, ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻ സീറ്റ്, കിയ കണക്റ്റ് സ്യൂട്ട് കണക്റ്റഡ് കാർ സാങ്കേതിക വിദ്യ തുടങ്ങിയവയും ലഭ്യമാണ്. കാറൻസിന്റെ എല്ലാ വകഭേദത്തിലും കിയ ഇന്ത്യ ആറ് എയർബാഗ് ഘടിപ്പിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ ഇതു തീർച്ചയായും പുതുമയാവുമെന്നാണു പ്രതീക്ഷ.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ്, മുന്നിൽ പാർക്കിങ് സെൻസർ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, ഡിസ്ക് ബ്രേക്ക് തുടങ്ങിയവും കാറൻസിലുണ്ട്. മാതൃസ്ഥാപനമായ ഹ്യുണ്ടേയിയുടെ അൽകാസർ അടക്കമുള്ള എംപിവികളോടാവും കിയ കാറൻസിന്റെ പോരാട്ടം.