ബെർലിൻ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു സ്ത്രീയായിരുന്നെങ്കിൽ യുക്രൈനിൽ യുദ്ധം തുടങ്ങില്ലായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പുടിൻ ഒരു സ്ത്രീയായിരുന്നുവെങ്കിൽ അധിനിവേശത്തിന്റെയും അക്രമത്തിന്റെയും ഭ്രാന്തൻ യുദ്ധം തുടങ്ങുമെന്ന് ഞാൻ കരുതുന്നില്ലെന്ന് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബോറിസ് ബോറിസ് ജോൺസൺ ജർമൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യുക്രൈനിലെ റഷ്യൻ അധിനിവേശം വിഷപരമായ പുരുഷത്വത്തിന്റെ ഉത്തമ ഉദാഹരണമാണ്. ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നും അധികാര സ്ഥാനങ്ങളിൽ കൂടുതൽ സ്ത്രീകൾ വരണമെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ തൽക്കാലും അത് നടക്കില്ല. പുടിൻ സമാധാനം വാഗ്ദാനം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുമായി സമാധാന ചർച്ചകൾ സാധ്യമാകുന്ന തരത്തിൽ പാശ്ചാത്യ ശക്തികൾ യുക്രൈനെ പിന്തുണക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്‌നിലെ ജനവാസമേഖലകളെ ഉന്നമിട്ടു നടത്തുന്ന ആക്രമണങ്ങളിൽനിന്ന് റഷ്യ ഉടൻ തന്നെ പിന്മാറണം. റഷ്യയ്ക്കെതിരായ നടപടികളിൽ ലോകരാജ്യങ്ങൾ ഒരുമിക്കണം. നിരപരാധികളായ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കി ഉൻമൂലനം ചെയ്യാനാണു പുട്ടിന്റെ ശ്രമം. റഷ്യ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യതകൾ അടച്ചെന്നും അദ്ദേഹം പറഞ്ഞു. ക്രെമൻചുക് നഗരത്തിലെ ഷോപ്പിങ് മാളിലെ റഷ്യൻ മിസൈലാക്രമണത്തെ ബോറിസ് ജോൺസൺ അപലപിച്ചു. ആക്രമണത്തെ ‘റഷ്യൻ കാടത്തം’ എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. റഷ്യൻ സ്വർണത്തിന് ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുക്രൈന് കൂടുതൽ സഹായങ്ങൾ നൽകുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും പ്രഖ്യാപിച്ചു. യുഎസ്, യുകെ, കാനഡ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. യൂറോപ്യൻ യൂണിയനും പങ്കാളിയാണ്.