വെള്ളറട : ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ അറസ്റ്റിലായവരെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. വാഴിച്ചൽ കുന്ദളക്കോട് വെളിയന്നൂർ കിഴക്കുംകര തോട്ടരികത്ത് വീട്ടിൽ അനന്തു (20), കാട്ടാക്കട വാനറത്തല കിഴക്കേക്കര പുത്തൻവീട്ടിൽ നിധിൻ (19) എന്നിവരാണ് പ്രതികൾ. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും സ്ഫോടകവസ്തു ഉപയോഗിച്ചതിനുമാണ് ഇവർക്കെതിരേ കേസെടുത്തിട്ടുള്ളത്. കോവിഡ് പരിശോധനയിൽ ഇരുവർക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ കോവിഡ് ബാധിച്ച തടവുകാരെ പാർപ്പിക്കുന്ന കുഞ്ചാലുംമൂട്ടിലെ കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് ആക്രമണം ഉണ്ടായത്.
ബൈക്കിലെത്തിയ രണ്ട് പേരും കൈവശമുണ്ടായിരുന്ന ബിയർ കുപ്പിയിൽ നിറച്ച പെട്രോൾ പോലീസ് സ്റ്റേഷനിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. പെട്രോൾ കുപ്പികളിൽ തീകത്തിച്ച് എറിഞ്ഞ ഒരെണ്ണം മുൻവശത്ത് കിടന്നിരുന്ന ജീപ്പിൽ പതിച്ചശേഷം പൊട്ടി നിലത്ത് വീണു. മറ്റൊരു കുപ്പി ജീപ്പിൽ തട്ടി നിലത്ത് വീണെങ്കിലും പൊട്ടിയില്ല. ഇതിനിടയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനാൽ കൈയിൽ കരുതിയിരുന്ന ലൈറ്ററും നിലത്ത് വീണു.
സമീപത്തെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ചെമ്പൂര് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അനന്തുവിനും കൂട്ടാളിക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിലുള്ള വിരോധമാണ് സ്റ്റേഷൻ ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ല റൂറൽ എസ്.പി. ഡോ.ദിവ്യ വി.ഗോപിനാഥ് സ്ഥലത്തെത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. പ്രതികളെ 24 മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടുകയായിരുന്നു.
അനന്തുവിന്റെ പേരിൽ ആര്യങ്കോട് പോലീസ് സ്റ്റേഷനിൽ നിലവിൽ മൂന്ന് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കാട്ടാക്കട ഡിവൈ.എസ്.പി. കെ.എസ്.പ്രശാന്ത്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. വി.ടി.രാശിത്ത്, ആര്യങ്കോട് സി.ഐ. ശ്രീകുമാർ, എസ്.ഐ. ജി.എസ്.സജി, എസ്.ഷിബു, എ.എസ്.ഐ.മാരായ സുനിലാൽ, സജു, സി.പി.ഒ.മാരായ നെവിൻരാജ്, വിജീഷ്, സതികുമാർ, സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.