ഛണ്ഡിഗഢ് : 22 ലക്ഷത്തിന്‍റെ കറുത്ത കുതിരയെ വാങ്ങിയ പഞ്ചാബ് സ്വദേശി പറ്റിക്കപ്പെട്ട വാര്‍ത്തയാണ് ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 22.65 ലക്ഷത്തിന് കറുത്ത നിറത്തിലുളള കുതിരയെ വിലക്ക് വാങ്ങിയാണ് രമേശ് കുമാർ എന്നയാള്‍ കബളിപ്പിക്കപ്പെട്ടത്. സംഗ്രുർ ജില്ലയിലെ സുനം പട്ടണത്തിൽ തുണിക്കട നടത്തുന്ന വ്യക്തിയാണ് രമേശ് കുമാര്‍. കുതിരയെ വിൽപന നടത്തുന്ന ജതീന്ദർ പാൽ സിംഗ് സെഖോൺ, ലഖ്‌വീന്ദർ സിംഗ്, ലച്‌റാ ഖാൻ എന്നിവരില്‍ നിന്നാണ് ഇയാള്‍ കുതിരയെ വാങ്ങിയത്. മാർവാരി ഇനത്തിലുളള സ്റ്റാലിയൻ കുതിര എന്ന വ്യാജേനെയാണ് ഇവർ കുതിരയെ രമേശ് കുമാറിന് വിറ്റത്.
വീട്ടിലെത്തി കുതിരയെ കുളിപ്പിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. കറുത്ത നിറം ഒലിച്ചു പോവുകയും കുതിരയുടെ യഥാർത്ഥ നിറമായ ചുവപ്പ് കാണുകയുമായിരുന്നു. കുതിര ഫാം തുടങ്ങാനാണ് താൻ കറുത്ത കുതിരയെ തന്നെ വാങ്ങിയതെന്നും രമേശ് കുമാർ പറഞ്ഞു.
രമേശ് കുമാർ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. പോലീസ് പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ ഇനത്തിൽപ്പെട്ട കുതിരകളെ വിൽപന നടത്തി പ്രതികൾ മറ്റ് എട്ട് പേരെയും കബളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ ആറുപേര്‍ സംഗ്രുറില്‍ തന്നെയുള്ളവരാണ് ഒരാള്‍ പട്യാലയിലാണ്. ഇവര്‍ക്കെതിരെയും തട്ടിപ്പിന് ഇതേ രീതിയാണ് ഇവര്‍ എടുത്തത് എന്നാണ് വിവരം.