സിഡ്നി: ഓസ്ട്രേലിയയിൽ തിമിംഗലം ബോട്ടിലിടിച്ച് ഒരാൾ മരിച്ചു. സിഡ്നി തീരത്തിനടുത്തുള്ള ബോട്ടണി ബേയിലാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്ന് പൊലീസ് വിശദമാക്കിയിട്ടുള്ളത്. മത്സ്യ ബന്ധനത്തിന് പോയ ചെറുവള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുപൊന്തിയ തിമിംഗലം പതിച്ചതോടെ ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് തെറിച്ച് വീണാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
സിഡ്നിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. 4.8 മീറ്റര്‍ നീളമുള്ള വള്ളം ഒഴുകി നടക്കുന്നത് കണ്ട് പരിശോധിക്കാനെത്തിയ മറ്റ് മത്സ്യബന്ധന തൊഴിലാളികളാണ് അപകടം ശ്രദ്ധിക്കുന്നത്. 53 വയസുകാരനായ മത്സ്യബന്ധന തൊഴിലാളിയാണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. ഒപ്പമുണ്ടായിരുന്ന 61കാരന്റെ മൃതദേഹവും ബോട്ടിന് സമീപത്ത് നിന്ന് കണ്ടെത്തി. 61കാരനെ മുങ്ങിപ്പോകാതിരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നുവെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.
കടലില്‍ കുടുങ്ങിയ ഇവരെ ഒരുമണിക്കൂറോളം സമയം കഴിഞ്ഞാണ് മറ്റ് മത്സ്യബന്ധന തൊഴിലാളികള്‍ കണ്ടെത്തുന്നത്. വിസ്തൃതമായ തീരമുള്ള ഓസ്ട്രേലിയയില്‍ 10 വലുതും 20 ചെറുതുമായ തിമിംഗല വിഭാഗങ്ങളാണ് സാധാരണയായി കാണാറുള്ളത്. തനിയെ നീന്തുന്ന തിമിംഗലത്തില്‍ നിന്ന് കുറഞ്ഞത് 100 മീറ്ററോളം അകലവും കുഞ്ഞിനൊപ്പം നീങ്ങുന്ന തിമിംഗലത്തില്‍ നിന്ന് 300 മീറ്റര്‍ അകലം പാലിക്കണമെന്നാണ് സമുദ്ര ഗവേഷകര്‍ വിശദമാക്കുന്നത്.
സാധാരണഗതിയില്‍ ആക്രമണ സ്വഭാവമുള്ള ജീവിയല്ല തിമിംഗലം. പശ്ചിമ ഓസ്ട്രേലിയയില്‍ നാല് മീറ്റര്‍ നീളമുള്ള തിമിംഗലത്തിനെ ബോട്ട് ഇടിച്ചതിന് രണ്ട് ആഴ്ചയ്ക്ക് പിന്നാലെയാണ് ഈ വാര്‍ത്തയെത്തുന്നത്.