കൊച്ചി : സ്ത്രീകളോട് ആദരം പ്രകടിപ്പിക്കുന്നത് പഴഞ്ചന്‍രീതിയല്ലെന്ന് ആണ്‍കുട്ടികള്‍ തിരിച്ചറിയണമെന്ന് ഹൈക്കോടതി. സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ പഠിച്ചിരിക്കണം. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെതാണ് ഉത്തരവ്. ക്യാമ്പസിലെ പെണ്‍കുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ നടപടിയെടുത്തത് ചോദ്യംചെയ്ത് കൊല്ലത്തെ ഒരു എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥി നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിവരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമം പ്രൈമറി ക്ളാസുകള്‍ മുതല്‍ തുടങ്ങണം. ആണ്‍കുട്ടികളില്‍ പൊതുവേ ചെറുപ്പംമുതല്‍ ലിംഗവിവേചന മനോഭാവം കണ്ടുവരുന്നുണ്ട്. ദുര്‍ബലരായ പുരുഷന്മാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം നേടുന്നതെന്ന് കുട്ടികളെ പഠിപ്പിക്കണം -കോടതി പറഞ്ഞു.
വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എന്നിവര്‍ക്കും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ ബോര്‍ഡുകള്‍ക്കും നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. യു.ജി.സി.ക്കും ഇതില്‍ പങ്കുവഹിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും.