കൊച്ചി: 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, ഹോംഗാർഡ്, കോര്‍പ്പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, ആരോഗ്യം, എക്സകവേറ്റർ ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്. സ്‌മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കും
പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്ന് തുടങ്ങും. ഇതിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. മൂന്ന് സെഷനുകളിലായി 202 ആശ പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ ദിവസം പരിശീലനം നല്‍കിയത്. ഓരോ വീടുകളിലും കയറി ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആശ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ വിദഗ്ദ ചികിത്സ ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ച പരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാക്കും
അതിനിടെ ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ അഗ്നിബാധയുമായി ബന്ധപ്പെട്ട് സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാലിന്യ പ്ലാന്‍റിനായി മുടക്കിയ തുകയുടെ കണക്കുകളും കരാർ രേഖകളും അടക്കമുളളവ ഹാജരാക്കാൻ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്മപുരത്ത് ഇതുവരെ സ്വീകരിച്ച നടപടികൾ പൊല്യൂഷൻ കൺട്രോൾ ബോർഡും അറിയിക്കണം. ഉച്ചയ്ക്ക് 1.45നാണ് ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുക