കൊച്ചി: ബ്രഹ്മപുരത്ത് നടന്നത് സംസ്ഥാനത്തെ വലിയ അഴിമതിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സി.പി.എമ്മുകാർക്കും സ്വന്തക്കാര്‍ക്കുമായി നടത്തിയ കരാറാണ്. വിശദ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എന്നാല്‍, സംഭവം നടന്ന് 10 ദിവസം പിന്നിട്ടിട്ടും ഒരു എഫ്.ഐ.ആര്‍ പോലും ഇട്ടിട്ടില്ല. മുഖ്യമന്ത്രി പ്രതികരിച്ചിട്ടുമില്ല. ഹൈകോടതി ചോദിച്ചതു പോലെ ജനം എത്രനാള്‍ വിഷപ്പുക ശ്വസിച്ച് കഴിയണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക് പോകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. വസ്തുത ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി നടപടിക്ക് പോകാത്തത്. താന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമായിരുന്നുവെന്ന് തെളിഞ്ഞു. സ്വപ്ന പറയുന്നതിനെ അവിശ്വസിക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസില്‍ താന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അച്ചടക്കം ബാധകമാണ്. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയണം. അഭിപ്രായം പറയാന്‍ വേദികള്‍ ഉണ്ടാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.