ഭോപ്പാൽ : വിവാഹത്തിനു വരന്‍ ഷെര്‍വാണി ധരിച്ചെത്തിയതിനെച്ചൊല്ലി ഏറ്റുമുട്ടി മധ്യപ്രദേശിലെ കുടുംബങ്ങൾ. ഗോത്രസമുദായത്തിൽപ്പെട്ട കുടുംബങ്ങൾ തമ്മിൽ നടന്ന വിവാഹത്തിലാണു വധുവിന്റെയും വരന്റെയും സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വിവാഹ ചടങ്ങിൽ വരൻ മുണ്ടും കുർത്തയും ധരിക്കണമെന്നു വധുവിന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതാണു പ്രശ്നങ്ങളുടെ തുടക്കമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള മംഗ്‌ബെദ ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഗോത്രപാരമ്പര്യമനുസരിച്ചു വരൻ ധോത്തിയാണു (മുണ്ട്) ധരിക്കേണ്ടത്. എന്നാൽ, വരനായ സുന്ദർലാൽ ധോത്തി ധരിക്കാത്തതിൽ വധുവിന്റെ വീട്ടുകാർ എതിർപ്പു പ്രകടിപ്പിച്ചു. ഇതു പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമായി.
തർക്കത്തിനിടയിൽ വീട്ടുകാർ പരസ്പരം കല്ലുകൾ വലിച്ചെറിഞ്ഞു. ഇതിനിടെ വരന്റെ ബന്ധുവിന് ഏറു കിട്ടി. സംഘർഷത്തിൽ നാലു പേർക്കു പരുക്കേറ്റു. ഇരുകൂട്ടരും പിന്നീട് പൊലീസിൽ പരാതി നൽകി. വധുവിന്റെ വീട്ടുകാരുമായി പ്രശ്നമൊന്നും ഇല്ലെന്നും ചില ബന്ധുക്കളാണു പ്രശ്നമുണ്ടാക്കിയതെന്നും സുന്ദർലാൽ പറഞ്ഞു. രണ്ടു കുടുംബങ്ങൾക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തെന്നു പൊലീസ് അറിയിച്ചു.