മാറ്റോ ഗ്രോസോ > പൂൾ മത്സരത്തിൽ തുടർച്ചയായി രണ്ട് തവണ തോറ്റതിൽ പ്രതികാരമായി ഏഴ് പേരെ വെടിവച്ച് കൊന്ന് യുവാക്കൾ. ബ്രസീലിയൻ സംസ്ഥാനമായ മാറ്റോ ഗ്രോസോയിലെ സിനോപ് സിറ്റിയിലാണ് സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പന്ത്രണ്ട് വയസുള്ള കുട്ടി ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. എഡ്‌ഗർ റിക്കാർഡോ ഡി ഒലിവേരിയ, എസെക്യാസ് സൂസ റിബേരിയോ എന്നിവരാണ് അക്രമം നടത്തിയത്. ഒലിവേര ആദ്യം ഒരു പൂൾ ഗെയിമും 4,000 റിയാസും തോറ്റു. പിന്നീട് എസെക്യാസിനൊപ്പം ചേർന്ന് ജയിച്ചയാൾക്കെതിരെ വീണ്ടും മത്സരിച്ചു. ഇതിലും പരാജയപ്പെട്ടതോടെ കൂടിനിന്നവർ പരിഹസിച്ച് ചിരിക്കുകയായിരുന്നു. ഉടനെ പിക്കപ്പ് ട്രക്കിൽ നിന്ന് ഷോട്ട്ഗൺ എടുത്ത് ചിരിച്ചവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഈ സമയം എസെക്യാസ് പിസ്റ്റൾ ഉപയോഗിച്ച് ഇവരെ ഭയപ്പെടുത്തി നിർത്തിയിരിക്കുകയായിരുന്നു. പൂൾ ഉടമയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ആറ് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പൂൾ ഹാളിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ലാറിസ ഫ്രാസോ ഡി അൽമേഡ, ഒറിസ്‌ബെർട്ടോ പെരേര സൗസ, അഡ്രിയാനോ ബാൽബിനോട്ട്, ഗെറ്റുലിയോ റോഡ്രിഗസ് ഫ്രാസാവോ ജൂനിയർ, ജോസ്യു റാമോസ് ടെനോറിയോ, പൂൾ ഹാൾ ഉടമ മസീൽ ബ്രൂണോ ഡി ആൻഡ്രേഡ് കോസ്റ്റ, എലിസ്യൂ സാന്റോസ് ഡ സിൽവ എന്നിവരാണ് മരിച്ചത്.