ദുബൈ: വിശന്നിരിക്കുന്നവരിലേക്ക് ഭക്ഷണം എത്തിക്കാന്‍ സംവിധാനവുമായി യുഎഇ ഭരണകൂടം. ‘ബ്രെഡ് ഫോര്‍ ഓള്‍’ (എല്ലാവര്‍ക്കും ഭക്ഷണം) എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. നിര്‍ധന കുടുംബങ്ങളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള സൗജന്യ ബ്രെഡ് പദ്ധതി ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ (എഎംഎഎഫ്) കീഴിലുള്ള മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സി (എംബിആര്‍ജിസിഇസി) ആണ് പ്രഖ്യാപിച്ചത്.
ഓരോ ദിവസവും വിവിധ സമയങ്ങളില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യമായി റൊട്ടി നല്‍കുന്ന സംവിധാനമാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കുന്നത്. വിവിധ ഔട്ട്‌ലറ്റുകളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് മെഷീനുകള്‍ വഴി ആവശ്യക്കാര്‍ക്ക് ഫ്രഷ് ബ്രെഡ് എത്തിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ആധുനികവും സുസ്ഥിരവുമായ മാതൃകയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. അല്‍ മിസ്ഹാര്‍, അല്‍ വര്‍ഖ, മിര്‍ദിഫ്, നാദ് അല്‍ ഷെബ, നദ്ദ് അല്‍ ഹമര്‍, അല്‍ ഖൗസ്, അല്‍ ബദാഅ എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് സ്മാര്‍ട്ട് മെഷീനുകള്‍ സ്ഥാപിക്കുക. മെഷീനിലെ ഓര്‍ഡര്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ അല്‍പസമയത്തിനകം ബ്രെഡ് ലഭിക്കുന്ന രീതിയിലാണ് സംവിധാനം. പദ്ധതിയിലേക്ക് സംഭാവന നല്‍കാനും മെഷീനില്‍ സംവിധാനമുണ്ട്. ദുബൈ നൗ എന്ന ആപ്പ് വഴിയും എസ്എംഎസ് ചെയ്തും ഇതിലേക്ക് സംഭാവനകള്‍ നല്‍കാം