ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലത്തിന് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം നിഷേധിച്ചായി റിപ്പോർട്ട്. മൂന്നാം ആഷസ് ടെസ്റ്റിലായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റിനെ നാണക്കേടിലാക്കിയ സംഭവം അരങ്ങേറിയത്. ന്യൂസിലൻഡിന്റെ വിഖ്യാത താരത്തെ സെക്യൂരിറ്റി ജീവനക്കാരന് മനസിലാകാത്തതിനെ തുടർന്ന് ലീഡ്‌സിലെ ഹെഡിംഗ്‌ലിയിലേക്ക് പ്രവേശിക്കുമ്പോൾ തടയുകയായിരുന്നു. മതിയായ രേഖകളില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞത്.
സെക്യൂരിറ്റി ജീവനക്കാരന്റെ പെരുമാറ്റത്തിൽ ക്ഷമ നഷ്ടപ്പെട്ട മക്കല്ലം ദേഷ്യപ്പെട്ട് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. മക്കല്ലത്തിനൊപ്പമുള്ളയാൾ കാര്യങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാരൻ കൂട്ടാക്കിയിരുന്നില്ല. പിന്നാലെ ദേഷ്യപ്പെട്ട് മക്കല്ലം അകത്തേക്ക് കയറുകയായിരുന്നു. അതേസമയം, സ്റ്റേഡിയത്തിൽ പ്രവേശിക്കാനുള്ള ശരിയായ പാസ് മക്കല്ലത്തിന്റെ കൈയ്യിൽ ഇല്ലായിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആഷസ് ടെസ്റ്റിൽ ശക്തമായ സുരക്ഷയാണ് അധികൃതർ ഒരുക്കുന്നത്. നേരത്തെ പരിസ്ഥിതി വാദികളുടെ പ്രതിഷേധം കളിക്കളത്തിനകത്തേക്കും വ്യാപിച്ചിരുന്നു. പ്രതിഷേധിച്ച് ഗ്രൗണ്ടിലെത്തിയ ഒരാളെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയര്‍സ്റ്റോ തൂക്കിയെടുത്ത് ബൗണ്ടറി റോപ്പിനപ്പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.