കൊച്ചി∙ കൈക്കൂലി ആരോപണത്തിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സൈബി ജോസിനെതിരെ പൊലീസിന്റെ അന്വേഷണം. മുൻകൂർ ജാമ്യത്തിനായി ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം. ഹൈക്കോടതി ഫുൾ കോർട്ടിന്റെ ശുപാർശയിൽ കൊച്ചി സിറ്റി പൊലീസാണ് അന്വേഷണം നടത്തുന്നത്.മുൻകൂർ ജാമ്യം ലഭിക്കാൻ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന് നൽകാനെന്ന പേരിൽ സിനിമ മേഖലയിൽ നിന്നുള്ള കക്ഷിയിൽ നിന്ന് അഡ്വ. സൈബി ജോസ് പണം കൈപ്പറ്റിയെന്നാണ് ആരോപണം. ആരോപണം ജുഡീഷ്യറിക്ക് മേൽ ഉണ്ടാക്കിയ കളങ്കം കണക്കിലെടുത്താണ് പൊലീസ് അന്വേഷണത്തിന് ഫുൾ കോർട്ട് ശുപാർശ ചെയ്തത്. ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണത്തിന് കൊച്ചി സിറ്റി പൊലീസിന് നിർദേശം നൽകിയത്.കൈക്കൂലി ആരോപണത്തിൽ പ്രാഥമിക അന്വേഷണമാണ് പൊലീസ് നടത്തുക. ഇതിനുശേഷം ആവശ്യമെങ്കിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് അഭിഭാഷകനെതിരെ ഹൈക്കോടതി ആവശ്യപ്രകാരം പൊലീസിന്റെ അന്വേഷണം.