പാലക്കാട്: പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻഡ് സുരേഷ് കുമാർ ലക്ഷങ്ങൾ വാരിക്കൂട്ടിയത് റീ ബിൽഡ കേരളയുടെ മറവിൽ. ആവശ്യമായ രേഖകൾ നൽകുന്നതിന് പലരിൽ നിന്നായി 5000 രൂപ മുതൽ 40,000 രൂപ വരെയാണ് സുരേഷ് കുമാർ കൈക്കൂലിയായി വാങ്ങിയതെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
സുരേഷ് കുമാറിൻ്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം കൈക്കൂലി വന്ന വഴികളാണ് പ്രധാനമായും പരിശോധിക്കുന്നത്. മലയോര മേഖലയിൽ അതിവൃഷ്ടിയിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. പാലക്കയം വില്ലേജ് ഓഫീസ് പരിധിയിലെ വട്ടപ്പാറ, അച്ചിലട്ടി, കുണ്ടപ്പൊട്ടി ഭാഗങ്ങളിൽ മാത്രം 46 പേർക്കാണ് റീ ബിൽഡ് കേരളയിൽ സഹായം ലഭിച്ചത്. ഈ തുക ലഭിക്കാൻ പൊസഷൻ സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് തുടങ്ങിയ ആവശ്യമായ രേഖകൾ കിട്ടാൻ ദിവസങ്ങളോളമാണ് പലരും വില്ലേജ് ഓഫീസ് കയറിയിറങ്ങിയത്.
ഇതിന് പലരിൽ നിന്നായി 5000 രൂപ മുതൽ 40,000 രൂപ വരെയാണ് സുരേഷ് കുമാർ കണക്ക് പറഞ്ഞ് എണ്ണി വാങ്ങിയതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക വിവരം. റീ ബിൽഡ് കേരളയിൽ സ്ഥലം വാങ്ങുന്നതിലും വൻ തിരിമറി നടത്തിയതായാണ് വിവരം. സെന്റിന് 20000 രൂപ വിലയുള്ള സ്ഥലത്തിന് 50,000 രൂപ വരെ വില കാണിച്ചാണ് പലയിടത്തും സ്ഥലം വാങ്ങിയത്. ഇതിൽ നിന്നും വലിയ തുക കൈപ്പറ്റിയെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ പണം വാങ്ങി രേഖകൾ ശരിയാക്കി നൽകുന്നത് സുരേഷ് കുമാറിൽ മാത്രം ഒതുങ്ങുന്നില്ല. താലൂക്ക് ഓഫീസിലും അഗളി ലാൻഡ് ട്രിബ്യൂണൽ ഓഫീസിലും ഇതിനായി പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങളിൽ കൂടുതൽ അന്വേഷണം നടത്താനാണ് വിജിലൻസിൻ്റെ തീരുമാനം.