തിരുവനന്തപുരം: കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ കെഎസ്ആർടിസി ഡപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാറിന്റെ വീട്ടിൽ നിന്ന് അറുപതിനായിരം രൂപ കണ്ടെടുത്തു. ഉദയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിലാണ് പണം ഒളിപ്പിച്ചിരുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് വിജിലൻസ് സംഘം, ഇയാളുടെ കുമാരപുരത്തുള്ള വീട്ടിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ചിരുന്ന പണം കണ്ടെത്തിയത്.
പരാതിക്കാരനായ കാരാറുകാരനിൽ നിന്ന് കൈക്കൂലിലായായി വാങ്ങിയ പണമാണ് കാറിനുള്ളിലുണ്ടായിരുന്നതെന്ന് ഉദയകുമാർ വിജിലൻസിനോട് സമ്മതിച്ചു. ആദ്യ നാൽപ്പതിനായിരം രൂപയും രണ്ടാമത് മുപ്പതിനായിരം രൂപയുമാണ് പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. വീടിനുള്ളിലെ പരിശോധനയിൽ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. കെഎസ്ആർടിസി ബസിൽ പരസ്യം പതിക്കാൻ കരാറേറ്റടുത്ത ആളിൽ നിന്നാണ് ഉദയകുമാർ കൈക്കൂലി വാങ്ങിയത്.
ആറ് ലക്ഷം രൂപയുടെ ബില്ല് മാറാൻ ഒരു ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നഗരത്തിലെ ക്ലബ്ബുകളിൽ വച്ചായിരുന്നു പണമിടപാട്. മുന്പും ഇയാൾ പല തവണ പരസ്യം കരാറേറ്റെടുത്തവരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് വിജിലൻസിന് കിട്ടിയിരിക്കുന്ന വിവരം. സമാനമായ ചില സംഭവങ്ങൾ കേന്ദ്രീകരിച്ച് വിജിലൻസ് തുടങ്ങി. കെഎസ്ആർടിസിയിൽ സിഎംഡിയും യൂണിയനുകളും തമ്മിലെ പോരിനിടെയാണ് അഴിമതികേസിൽ ഉന്നതഉദ്യോഗസ്ഥൻ പിടിയിലാകുന്നത്.
പരസ്യബില്ല് മാറാൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ വിജിലൻസ് പിടിയിലായത് ഇന്നലെയാണ്. ഇതിൽ 30000 രൂപ ശ്രീമൂലം ക്ലബ്ബിൽ വെച്ച് വാങ്ങുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 60000 രൂപ ഉദയകുമാറിന് കരാറുകാരൻ നേരത്തെ നൽകിയിരുന്നു.
ഇടുക്കിയില്‍ നിന്നും കൈക്കൂലി സംബന്ധിച്ച മറ്റൊരു വാര്‍ത്തയും പുറത്തുവന്നിരുന്നു. തൊടുപുഴ തഹസില്‍ദാറായിരിക്കെ കൈക്കൂലി കേസില്‍ അറസ്റ്റിലായ ജോയ് കുര്യാക്കോസിന് നാല് വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസ് വിചാരണ നടത്തിയ മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജോയ് കുര്യാക്കോസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷ വിധിച്ചത്. പുതിയതായി വീടു വെച്ച ഒരാളില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലായത്.