ആലപ്പുഴ∙ പൊതുമേഖലാ ഇരുമ്പ് ഉരുക്ക് സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ വ്യവസായ മാലിന്യമായ മണൽ ഉപയോഗിച്ച് ഇഷ്ടിക ഉണ്ടാക്കുന്ന പദ്ധതിയും കെടുകാര്യസ്ഥത മൂലം നിലച്ചു. 72 ലക്ഷം ഇഷ്ടിക ലക്ഷ്യമിട്ടെങ്കിലും ആകെ നിർമിച്ചത് ആയിരത്തിൽ താഴെ മാത്രം. 2022 മേയിൽ തുടക്കമിട്ട പദ്ധതിയിൽ ഇഷ്ടിക ഉൽപാദനം തുടങ്ങിയപ്പോഴേക്കും യന്ത്രം കേടായി. അറ്റകുറ്റപ്പണി നടത്തിയെങ്കിലും ശരിയായില്ല.
യന്ത്രത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ അതു സ്ഥാപിച്ച കരാർ കമ്പനിയെത്തന്നെ ഏൽപിച്ചു. എന്നാൽ അവർ ഉപകരാർ നൽകി. തകരാർ പരിഹരിക്കാനുള്ള സാങ്കേതിക വിദഗ്ധനെ കണ്ടെത്താൻ ആ കമ്പനിക്കും കഴിഞ്ഞില്ല. അങ്ങനെ പദ്ധതി നിലച്ചു. ആയിരത്തിലധികം കട്ട നിർമിക്കുന്ന തരത്തിൽ യന്ത്രം സജ്ജമാക്കാൻ സാധിക്കുമെന്നാണ് ഓട്ടോകാസ്റ്റിലെ എൻജിനീയറിങ് വിഭാഗം പറയുന്നത്.
തിരുവനന്തപുരത്ത് പാപ്പനംകോടുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഎസ്ടി) ആണ് ഇഷ്ടിക നിർമാണത്തിനുള്ള സാങ്കേതികവിദ്യ ഓട്ടോകാസ്റ്റിനു നൽകിയത്. ട്രെയിൻ ബോഗികളുടെ നിർമാണം ഓട്ടോകാസ്റ്റ് ഏറ്റെടുത്തിരുന്നു. ബോഗികളുടെ നിർമാണത്തിനുള്ള മൂശ (മോൾഡ്) രൂപപ്പെടുത്താൻ സിലിക്ക മണലാണ് ഉപയോഗിക്കുന്നത്. ഇതിൽ രാസവസ്തുക്കൾ ചേർക്കുന്നതിനാൽ പരിധിയിലധികം സൂക്ഷിക്കുന്നതു പരിസ്ഥിതി പ്രശ്നങ്ങൾക്കു വഴിവയ്ക്കും. അതിനൊരു പ്രതിവിധിയായിക്കൂടിയാണ് ഇഷ്ടിക നിർമാണ പദ്ധതി ആരംഭിച്ചത്.