റാഞ്ചി: വിവാഹദിവസം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷത്തിനു പിന്നാലെ വിവാഹം വേണ്ടെന്നുവച്ച് വധുവും ബന്ധുക്കളും. ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലാണ് സംഭവം. വിവാഹദിവസം വരന്റെ ബന്ധുക്കൾ അഞ്ചു ലക്ഷം രൂപയും സ്വർണവും ആവശ്യപ്പെട്ടതാണ് സംഘർഷത്തിനു കാരണമായത്. വധുവിന്റെ പിതാവ് തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. പണം നൽകിയാലേ വിവാഹം നടക്കൂവെന്ന് വരനും ബന്ധുക്കളും നിലപാടെടുത്തു. തുടർന്ന് വധുവും ബന്ധുക്കളും വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടതിനെതിരെ പരാതി നൽകുകയും ചെയ്തു.
വിവാഹദിവസം വധുവിന്റെ കഴുത്തിൽ വരണമാല്യം ചാർത്താൻ തുടങ്ങുന്നതിനു തൊട്ടുമുൻപാണ് സ്ത്രീധനത്തിന്റെ പേരിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയത്. വരന്റെ ബന്ധുക്കൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു. എന്നാൽ നേരത്തേതന്നെ സ്ത്രീധനമായി നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ നൽകിയ വധുവിന്റെ അച്ഛൻ കൂടുതൽ നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. വിവാഹനിശ്ചയ സമയത്ത് 2.5 ലക്ഷം രൂപയും സ്വർണ മോതിരങ്ങളും ഇരുചക്രവാഹനവും സ്വർണ ചെയിനും നിരവധി ആഡംബര വസ്തുക്കളും നൽകിയെന്ന് വധുവിന്റെ അമ്മ പറയുന്നു.
തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. കസേരയും മറ്റുമെടുത്ത് പരസ്പരം അടിക്കുകയും സംഘർഷം ഉണ്ടാവുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ വിവാഹവേദിയിലെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. വധുവിന്റെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.