ന്യൂഡൽഹി: തമിഴ്നാട് കുന്നൂരിൽ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയർ ലഖ്വീന്ദർ സിങ് ലിഡ്ഡറുടെ 17 വയുസകാരിയായ ഏക മകൾ ആഷ്ന ലിഡ്ഡർക്കുനേരെ അറപ്പുളവാക്കുന്ന ആക്ഷേപങ്ങളുമായി സംഘ്പരിവാർ തീവ്ര ഹിന്ദുത്വ വാദികൾ. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇവർ ആക്ഷേപങ്ങൾ ചൊരിയുന്നത്.
സമൂഹ മാധ്യമങ്ങളിൽ സംഘ്പരിവാർ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിലൂടെ ശ്രദ്ധേയയാണ് ആഷ്ന. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാട് സ്വീകരിച്ചതിന് ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിന് നേരത്തേ ആഷ്ന വിധേയയായിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി പറഞ്ഞുള്ള ആഷ്നയുടെ മുന്‍ ട്വീറ്റുകള്‍ക്ക് നേരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രിയങ്ക ഗാന്ധിക്കെതിരായ വിമർശനത്തെ ചോദ്യം ചെയ്തുള്ള ട്വീറ്റുകളിലടക്കമാണ് അധിക്ഷേപം. ആഷ്നയുടേത് തീവ്ര ഇടത് നിലപാടാണെന്നതടക്കമുള്ള കമന്‍റുകളാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍ അധിക്ഷേപം ശക്തമായതോടെ ട്വിറ്റര്‍ അക്കൗണ്ട് ആഷ്ന ഡീ ആക്ടിവേറ്റ് ചെയ്തു. ട്വിറ്ററില്‍ സജീവമായിരുന്ന ആഷ്ന കുറിപ്പുകളായും വിഡീയോയിലൂടെയും ഓരോ വിഷയങ്ങളിലും തന്‍റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബർ 27ന് ഒരു പുസ്തകവും ആഷ്നയുടേതായി പുറത്തിറങ്ങിയിരുന്നു. മുൻ ഗവര്‍റണറും ഐ.പി.എസ് ഉദ്യോഗസ്ഥയുമായിരുന്ന കിരണ്‍ ബേദിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തതത്.
അപകടത്തില്‍ മരിച്ച മധുലിക റാവത്ത് പരിപാടിയില്‍ മുഖ്യാത്ഥിതി ആയിരുന്നു. ആഷ്നയുടെ അച്ഛൻ ബ്രിഗേഡിയർ എല്‍. എസ് ലിഡ്ഡറും അമ്മയുമെല്ലാം പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും ആഷ്ന സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സംഭവങ്ങൾക്ക് പിന്നാലെ ആഷ്നയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി.
ആഷ്നക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം അടക്കമുള്ള പ്രമുഖര്‍ ട്വിറ്ററില്‍ കടുത്ത വിമർശനം ഉന്നയിച്ചു.