ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. നേരത്തെ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു.
അതേസമയം, ചടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എൻ സി പി അധ്യക്ഷൻ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ പാർട്ടി അധ്യക്ഷന്മാരെയും ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.
രാമക്ഷേത്രം മുഖ്യ പ്രചാരണ വിഷയമാക്കി ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. 30 ന് അയോധ്യയിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. 50 ശതമാനം വോട്ട് വിഹിതമെങ്കിലും ഇക്കുറി നേടണമെന്നാണ് ബിജെപി ഭാരവാഹികൾക്കുള്ള മോദിയുടെ നിർദ്ദേശം.
അടുത്ത 22 ന് രാമക്ഷേത്രം തുറക്കുന്നതോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും സജീവമാക്കുകയാണ് ബിജെപി. ചടങ്ങിന് ഒരാഴ്ച മുമ്പ് മുതൽ സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണം ശക്തമാക്കാനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ബൂത്ത് ഭാരവാഹികൾ വീടുകൾ കയറണം എന്നാണ് നിര്‍ദ്ദേശം. പ്രദേശത്തെ മുതിർന്ന നേതാവിനാണ് ഇതിന്റെ ഏകോപന ചുമതല. പ്രതിഷ്ഠാദിന ചടങ്ങുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കണം, സമൂഹ മാധ്യമങ്ങളിൽ തൽസമയ സംപ്രേഷണം നൽകുന്നതിനൊപ്പം പൊതു സ്ഥലങ്ങളിലും ചടങ്ങ് പ്രദർശിപ്പിക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. മുപ്പതിന് അയോധ്യയിൽ അന്താരാഷ്ട്ര വിമാനത്താവളം മോദി ഉദ്ഘാടനം ചെയ്യും. പ്രതിഷ്ഠാദിന ചടങ്ങിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്ഷണിതാക്കൾ മര്യാദ പുരുഷോത്തം ശ്രീറാം ഇൻറർനാഷണൽ എയർപോട്ടിലായിരിക്കും ഇറങ്ങുക. അന്ന് തന്നെ നവീകരിച്ച റെയിൽവേ സ്റ്റേഷൻ കൂടി ഉദ്ഘാടനം ചെയ്ത് അയോധ്യയിൽ മോദി റോഡ് ഷോയും നടത്തും.