ലണ്ടൻ : ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും ബ്രിട്ടിഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയ് മൗണ്ട്ബാറ്റനും അദ്ദേഹത്തിന്റെ ഭാര്യ എഡ്വിനയും ഉൾപ്പെടുന്ന സ്വകാര്യ ഡയറിക്കുറിപ്പുകളും കത്തുകളും സംബന്ധിച്ച എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താനാവില്ലെന്ന് ബ്രിട്ടിഷ് കോടതി. 1930 കൾ മുതലുള്ള കത്തിടപാടുകളും ഡയറിക്കുറിപ്പുകളും പൂർണമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിലാണ് യുകെ ഫസ്റ്റ് ടയർ ട്രൈബ്യൂണൽ (വിവരാവകാശം) ജഡ്ജി സോഫി ബക്ക്‌ലിയുടെ വിധി.
‘ദ് മൗണ്ട്ബാറ്റൻസ്: ദ് ലൈവ്സ് ആൻഡ് ലവ്സ് ഓഫ് ഡിക്കി ആൻഡ് എഡ്വിന മൗണ്ട്ബാറ്റൻ’ എന്ന തന്റെ പുസ്തകത്തിൽ ഉപയോഗിക്കുന്നതിനായി ചരിത്രകാരനായ ആൻഡ്രൂ ലോണിയാണ് കത്തുകളും ഡയറിക്കുറിപ്പുകളും പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് 4 വർഷമായി നിയമയുദ്ധം നടത്തുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ–വിഭജന കാലത്തേക്കു വെളിച്ചം വീശുന്ന കത്തുകളും ഡയറിക്കുറിപ്പുകളും ഏറിയപങ്കും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞെന്നും പ്രസിദ്ധീകരിക്കാത്തവ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള യുകെയുടെ ബന്ധത്തെ സ്വാധീനിക്കുന്നതാണെന്നുമാണ് യുകെ കാബിനറ്റ് ഓഫിസിന്റെ നിലപാട്.
2011 ൽ സതാംപ്റ്റൻ യൂണിവേഴ്സിറ്റി മൗണ്ട്ബാറ്റൻ കുടുംബത്തിന്റെ പക്കൽ നിന്നു വാങ്ങിയ ബ്രോഡ്‍ലാൻഡ്സ് ആർക്കൈവിന്റെ ഭാഗമാണ് ഈ കത്തുകളും ഡയറികളുമെല്ലാം. എഡ്വിന മൗണ്ട്ബാറ്റൻ ജവാഹർലാൽ നെഹ്റുവിനയച്ച 33 കത്തുകളുടെ മേൽ യൂണിവേഴ്സിറ്റിക്ക് അവകാശമൊന്നുമില്ലെന്നും ആ രേഖകളുടെയും പകർപ്പുകളുടെയും സംരക്ഷണം മാത്രമാണ് യൂണിവേഴ്സിറ്റി ഏറ്റെടുത്തിരിക്കുന്നതെന്നും ട്രൈബ്യൂണൽ വിധിയിൽ പറയുന്നു.