ബ്രിട്ടൻ : റഷ്യയുടെ അധിനിവേശത്തിനെതിരെ ധീരമായി പോരാടുന്ന യുക്രൈനിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നതായി ബ്രിട്ടനിലെ വില്യം രാജകുമാരനും പത്നി കേറ്റും. രാഷ്ട്രീയ വിഷയങ്ങളിൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നുണ്ടാകുന്ന അപൂർവ്വമായ അഭിപ്രായമാണിത്. നിഷ്പക്ഷത പാലിക്കണമെന്ന ഭരണഘടനാ മാനദണ്ഡത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ രാജകുടുംബം അഭിപ്രായം പറയാറില്ല. “യുക്രൈനിൻ്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെയും ശുഭാപ്തിവിശ്വാസത്തെയും കുറിച്ച് പഠിക്കാൻ, 2020 ഒക്ടോബറിൽ പ്രസിഡന്റ് സെലെൻസ്കിയെയും പ്രഥമ വനിതയെയും കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു. ഇന്ന് പ്രസിഡന്റും യുക്രൈൻ ജനതയും ആ ഭാവിക്കായി ധീരമായി പോരാടുമ്പോൾ ഞങ്ങൾ അവർക്കൊപ്പമാണ്.” – എലിസബത്ത് രാജ്ഞിയുടെ ചെറുമകൻ വില്യമും കേറ്റും ട്വിറ്ററിൽ കുറിച്ചു.
“ഈ അന്താരാഷ്ട്ര, മാനുഷിക നിയമലംഘനത്തിനെതിരെ” തങ്ങളും യുക്രൈൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നു എന്ന് ലോസ് ഏഞ്ചൽസിലേക്ക് മാറുന്നതിനായി രാജകീയ ചുമതലകളിൽ നിന്ന് പടിയിറങ്ങിയ വില്യമിന്റെ ഇളയ സഹോദരൻ ഹാരിയും ഭാര്യ മേഗനും വ്യാഴാഴ്ച അവരുടെ വെബ്‌സൈറ്റിൽ പറഞ്ഞു. നേരത്തെ 2014ൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ “ഹിറ്റ്‌ലറെപ്പോലെ തന്നെയാണ്” ചെയ്യുന്നതെന്ന ചാൾസ് രാജകുമാരൻ്റെ പരാമർശം നയതന്ത്രപരമായ തർക്കത്തിന് കാരണമായിരുന്നു.