ഉദയ്പുർ : രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽതൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയതിൽ പ്രതികരണവുമായി പ്രതികളിലൊരാളായ റിയാസ് അക്താരിയുടെ കുടുംബം. ന്യൂസ് 18നോടാണ് സഹോദരങ്ങൾ പ്രതികരിച്ചത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയതിന് റിയാസിനെ തൂക്കിക്കൊല്ലണമെന്ന് പ്രതിയുടെ നാല് സഹോദരന്മാർ പറഞ്ഞു. ഭിൽവാരയിലാണ് റിയാസിന്റെ കുടുംബം താമസിക്കുന്നത്. ഉദയ്പുരിൽ റിയാസിന്റെ ഭാര്യ വീടാണ്. വർഷങ്ങൾക്ക് മുമ്പ് ഉദയ്പൂരിലേക്ക് പോയി. പിന്നീട് സഹോദരങ്ങളുമായോ മാതാപിതാക്കളുമായോ വല്ലപ്പോഴുമേ ബന്ധപ്പെടുന്നുണ്ടായിരുന്നുള്ളൂ.
ഏറ്റവും ഇളയവനായ റിയാസ് കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തോട് അടുപ്പമുണ്ടായിരുന്നില്ല. ഒരു മാസം മുമ്പ് റിയാസുമായി സംസാരിച്ചപ്പോൾ അസ്വസ്ഥനായിരുന്നു. ബസ് സ്റ്റാൻഡിലേക്ക് വിളിച്ചെങ്കിലും സഹോദരങ്ങളെ കാണാനായില്ല. അതിനുശേഷം, റിയാസുമായി സംസാരിച്ചിട്ടില്ലെന്നും സഹോദരങ്ങൾ പറഞ്ഞു. കൊലപാതകത്തിന് ശേഷം നാണക്കേടും ഭയവും കാരണം വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും സഹോദരങ്ങൾ പറഞ്ഞു.
48കാരനായ കനയ്യ ലാലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കനയ്യ ലാലിനെ ഇന്നലെ അദ്ദേഹത്തിന്റെ തയ്യൽ കടയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പടുത്തുകയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെ അപമാനിച്ചതിനുള്ള പ്രതികാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികൾ പറഞ്ഞിരുന്നു.കുറ്റകൃത്യം ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.