തെലങ്കാന: തെലങ്കാനയിൽ ഇത്തവണ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ തന്ത്രം വിജയിച്ചിരിക്കുന്നു. ബിആർഎസിനെ തോൽപ്പിച്ച് തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി വിജയക്കൊടി പാറിച്ചു. തെലങ്കാനയിൽ അധികാരം ഉറപ്പിക്കുക എന്ന തന്ത്രവുമായി കോൺഗ്രസ് പാർട്ടി സ്വീകരിച്ച നടപടികൾ ഫലം കണ്ടുവെന്ന് വേണം പറയാൻ. കർണാടകയിലുണ്ടായ കോൺഗ്രസിന്റെ വിജയം തെലങ്കാനയിലെ കോൺഗ്രസ് അണികൾക്ക് ഊർജം പകർന്നുവെന്ന് വേണമെങ്കിൽ കരുതാം. കർണാടകയിൽ സ്വീകരിച്ച അതേ ഫോർമുല തന്നെയാണ് തെലങ്കാനയിലും കോൺഗ്രസ് സ്വീകരിച്ചത്.
ഭരണവിരുദ്ധവികാരവും താഴേത്തട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഊര്‍ജമായത്. ഒപ്പം പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ഭരണം പിടിക്കാനുറച്ച് കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പരിശ്രമവും.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അണികള്‍ക്ക് ഏറക്കുറെ ഊര്‍ജം നല്‍കി. ഭിന്നിച്ചുനിന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കുന്നതിലും ഒന്നിപ്പിക്കുന്നതിലും രാഹുലും കെസി വേണുഗോപാലും വിജയിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും പദയാത്രകള്‍ നടത്തി. ഇത് താഴെത്തട്ടിലെ പാര്‍ട്ടി സംവിധാനത്തെയും പ്രവര്‍ത്തകരേയും ഉണര്‍ത്തി. എതിരാളികളെ സ്വയം പ്രതിരോധത്തിലാക്കുക എന്ന തന്ത്രവുമായാണ് കോൺഗ്രസ് നേതാക്കൾ ഇറങ്ങിയത്. ഈ തന്ത്രമാണ് കോൺഗ്രസിനെ കൂടുതൽ അടുപ്പിച്ചത്.
കർണാടകയിൽ അഞ്ച് ഉറപ്പുകൾ നടപ്പാക്കുമെന്നാണ് കോൺഗ്രസ് പാർട്ടി വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കൊപ്പം കോൺഗ്രസ് നേതാക്കൾക്കിടയിലെ ഐക്യവും വളർന്നു. തെലങ്കാനയിൽ കോൺഗ്രസ് പാർട്ടിയെ വിജയിപ്പിക്കാൻ പാർട്ടി നേതാക്കളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ജയിച്ചതിന് ശേഷം മാത്രമേ പാർട്ടി മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്ന നിലപാടിലാണ് മുതിർന്ന നേതാക്കളടക്കം മുന്നോട്ട് പോയത്.
മറുവശത്ത്, തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ നിന്ന് പ്രധാന നേതാക്കൾ കോൺഗ്രസ് പാർട്ടിയിലേക്ക് പോയതും പാർട്ടിയിൽ കൂടുതൽ ചലനമുണ്ടാക്കി. കോൺഗ്രസിൽ ചേർന്ന നേതാക്കൾ ബി.ജെ.പിയും ബി.ആർ.എസും ഒന്നാണെന്ന് പ്രതികരിച്ചത് പാർട്ടിക്ക് അനുകൂലമായി വന്നു.
അതേസമയം ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീണിരിക്കുകയാണ് ബിആർഎസ്. കെസിആറിന് തെലങ്കാന മൂന്നാമൂഴം നൽകിയില്ല. കെസിആറിന്റെ ജനപ്രിയ വാഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. സർക്കാർ ജീവനക്കാരും തൊഴിൽരഹിതരും
ബിആർഎസ് സർക്കാരിനെതിരെ ശക്തമായി രംഗത്തുണ്ട്. കോൺഗ്രസ് ഇത് രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമാക്കിയെന്ന് വേണം പറയാം.
71.34 ശതമാനമാണ് ഇക്കുറി തെലങ്കാനയിലെ പോളിങ് ശതമാനം. 65 സീറ്റിന് മുകളില്‍ നേടിയില്ലെങ്കില്‍ സുഗമമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ടുമെന്ന് നേതൃത്വത്തിനറിയാം. ഈ സാഹചര്യത്തിലാണ് എംഎല്‍എമാരെ ഒന്നിച്ചുനിര്‍ത്താനുള്ള നീക്കങ്ങള്‍ നേരത്തേതന്നെ തുടങ്ങിയത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ സാന്നിധ്യവും ഇടപെടലും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.