ഹൈദരാബാദ്: ബി.ആർ.എസ് നേതാക്കൾ പരസ്യമായി ബി.ജെ.പിയെ പിന്തുണച്ചുവെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. തെലങ്കാനയിലെ നിരവധി സീറ്റുകളിൽ ബി.ആർ.എസ് ബി.ജെ.പിയെ പിന്തുണക്കുകയായിരുന്നുവെന്ന് ഉവൈസി പറഞ്ഞു.
ബി.ആർ.എസ് നേതാക്കൾ ബി.ജെ.പിയെ പിന്തുണക്കുന്നുവെന്നത് ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. എന്തിനാണ് അവർ ഇങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ല. ഇത് തീർച്ചയായും തെറ്റാണ്. ഈ പിന്തുണകൊണ്ട് അവർക്കുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും തനിക്കറിയില്ലെന്ന് ഉവൈസി പറഞ്ഞു. അതേസമയം, സമാനമായ ആരോപണം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഉന്നയിച്ചു. ബി.ആർ.എസ് ബി.ജെ.പിക്ക് വോട്ട് മറിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ബി.ആർ.എസ് നേതാക്കൾ അവരുടെ ആത്മാവ് പണയം വെച്ച് അവയവങ്ങൾ ബി.ജെ.പിക്കായി ദാനം ചെയ്തു. ബി.ജെ.പി വിജയിച്ച ഏഴ് സീറ്റുകളിൽ ബി.ആർ.എസിന് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. കോൺഗ്രസ് സ്ഥാനാർഥി നീലം മധു മുദഹിരാജിന്റെ പരാജയത്തിനായി ബി.ആർ.എസ് നേതാവ് ഹരീഷ് റാവു വോട്ടുമറിച്ചുവെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ബി.ആർ.എസ് സോഷ്യൽ മീഡിയ കൺവീനർ കൃഷ്ണാങ്ക് രംഗത്തെത്തി. ആരോപണങ്ങൾ നുണയാണെന്ന് എക്സിലെ പോസ്റ്റിലൂടെ കൃഷ്ണാങ്ക് പറഞ്ഞു. ഏറ്റവും ശക്തരായ സ്ഥാനാർഥികളെയാണ് ബി.ജെ.പിക്കെതിരെ കെ.സി.ആർ നിർത്തിയതെന്നും കൃഷ്ണാങ്ക് കൂട്ടിച്ചേർത്തു.