ഫെമിനിസ്റ്റാണെന്നാരോപിച്ച് കൺവീനിയൻസ് സ്റ്റോറിലെ ജീവനക്കാരിയെ ആക്രമിച്ച് യുവാവ്. സംഭവം ദക്ഷിണ കൊറിയയിൽ. പിന്നാലെ, ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച സൗത്ത് ജിയോങ്‌സാങ് പ്രവിശ്യയിലെ ജിഞ്ചുവിലെ ഒരു കടയിൽ വച്ചാണ് 20 വയസ് പ്രായമുള്ള യുവാവ് അവിടെയുള്ള സ്ത്രീ തൊഴിലാളിയെ മുടി നീളം കുറഞ്ഞതിന്റെ പേരിൽ ഫെമിനിസ്റ്റാണ് എന്നും പറഞ്ഞ് അക്രമിച്ചത്.
സിസിടിവിയിൽ യുവാവ് സ്ത്രീയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പാതിരാത്രിക്ക് ശേഷമാണ് യുവാവ് കടയിലെത്തിയത്. ശേഷം ഇയാൾ സ്ത്രീ തൊഴിലാളിയെ ഇടിക്കുകയും ചവിട്ടുകയും ആയിരുന്നു. ‘നിനക്ക് ചെറിയ മുടിയാണ്. അപ്പോൾ നീ ഒരു ഫെമിനിസ്റ്റ് ആയിരിക്കണം. ഞാനൊരു മെയിൽ ഷോവനിസ്റ്റാണ്. ഫെമിനിസ്റ്റുകൾ ഞങ്ങളുടെ അക്രമത്തിന് അർഹരാണെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നും പറഞ്ഞാണ് ഇയാൾ സ്ത്രീയെ അക്രമിച്ചത്. യുവതിക്കും ഇരുപതുകളിലാണ് പ്രായം. അക്രമത്തെ തുടർന്ന് യുവതിയുടെ ചെവിക്കും ലിഗമെന്റിനും പരിക്കേറ്റിട്ടുണ്ട്. എന്നിരുന്നാലും ജീവന് ഭീഷണിയാകുന്ന തരത്തിലുള്ളതല്ല പരിക്കുകൾ എന്ന് പൊലീസ് പറഞ്ഞു. അതേസമയം യുവതിയെ അക്രമിക്കുന്നത് തടയാൻ ചെന്ന ഒരു സ്ത്രീയേയും ഇയാൾ അക്രമിച്ചിരുന്നു. അവർക്കും പരിക്കേറ്റിട്ടുണ്ട്.
പൊലീസ് എത്തുന്നത് വരേയും ഇയാൾ അക്രമം തുടർന്നു കൊണ്ടിരുന്നു. അക്രമസമയത്ത് ഇയാൾ മദ്യലഹരിയിലാണെന്നും കൂടാതെ കുറച്ചുകാലമായി ഇയാൾ സ്കീസോഫ്രീനിയയ്ക്ക് ചികിത്സയെടുക്കുന്നുണ്ട് എന്നും പൊലീസ് പറയുന്നു.
അതേസമയം, ദക്ഷിണ കൊറിയയിൽ ഫെമിനിസത്തോട് വലിയ എതിർപ്പാണ്. സമീപകാലത്തായി പുരുഷാധിപത്യം വീണ്ടും ശക്തി പ്രാപിക്കുകയും ഒരുവിഭാഗം സ്ത്രീകള്‍ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ മുടി പോലും ഫെമിനിസവുമായി ബന്ധപ്പെടുത്തി വലിയ വിമർശനങ്ങൾക്ക് കാരണമായിത്തീരാറുണ്ട്. 2021 -ൽ, ടോക്കിയോ ഒളിമ്പിക്സിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയ ദക്ഷിണ കൊറിയൻ അമ്പെയ്ത്ത് താരം അൻ സാൻ, അവരുടെ ചെറിയ മുടിയുടെ പേരിൽ ഓൺലൈനിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അവളുടെ തലമുടി ഫെമിനിസ്റ്റുകളെ പോലെയാണ് എന്നും ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്നാണോ സമൂഹം കരുതുന്നത് അതിന് എതിരാണ് എന്നും പറഞ്ഞായിരുന്നു വിമർശനം.