ഷില്ലോംഗ്: ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്ന 270 ചാക്ക് പഞ്ചസാര പിടിച്ചെടുത്ത് ബിഎസ്എഫും മേഘാലയ പൊലീസും. സംയുക്ത പരിശോധനയിലാണ് അഞ്ച് ലക്ഷത്തിലധികം വില വരുന്ന 13,500 കിലോ പഞ്ചസാര പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രി മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) 100-ാം ബറ്റാലിയനിൽ നിന്നുള്ള സൈനികരും മേഘാലയ പൊലീസും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുകയായിരുന്നു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംയുക്ത സേന അതിർത്തി ഗ്രാമമായ പോൾപാറയിൽ ഓപ്പറേഷൻ നടത്തുകയായിരുന്നു. മൊത്തം 13,500 കിലോഗ്രാം വരുന്ന 270 ചാക്ക് പഞ്ചസാരയാണ് പിടിച്ചെടുത്തത്. ഏകദേശം 5,40,000 രൂപ വില ഇതിന് വിപണിയിലുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. പഞ്ചസാര ബാഗുകൾ ആൾത്താമസമില്ലാത്ത ഒരു വീടിന് സമീപം തന്ത്രപരമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത പഞ്ചസാര ചാക്കുകൾ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് ഉടൻ കൈമാറി.