ജയ്സാൽമീർ: ഇന്ത്യ-പാക് രാജ്യാന്തര അതിർത്തിയിൽ സംശയാസ്പദമായി കണ്ടെത്തിയ രണ്ട് ദേശാടന പക്ഷികളെ ബി.എസ്.എഫ് പിടികൂടി. പക്ഷികളുടെ കാലുകളിൽ ടാഗുകളും ചിപ്പുകളും ഘടിപ്പിച്ചിരുന്നു. ബാർമെറിനും ജയ്‌സാമീറിനും സമീപത്തെ അതിർത്തിയിലാണ് പക്ഷികളെ കണ്ടെത്തിയത്.
ബാർമറിൽ പിടികൂടിയ പക്ഷി യുറേഷ്യൻ ക്രെയിനും ജയ്‌സാൽമീറിൽ നിന്ന് പിടിച്ചത് ഹുബാറ പക്ഷിയും ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹുബാറ പക്ഷിയുടെ അലുമിനിയം ടാഗിൽ യു.എ.ഇ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.ബാർമറിലെ ഗോഹാദ് കാതല ഗ്രാമത്തിൽ വെച്ച് ജൂൺ മൂന്നിനാണ് യുറേഷ്യൻ ക്രെയിനിന്‍റെ കാലിൽ ടാഗും ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുള്ളത്. ഈ ടാഗ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടേതാണ്.
പക്ഷി റഷ്യയിൽ നിന്നുള്ളതാണെന്നും രണ്ട് വിദ്യാർഥികൾ ഗവേഷണം നടത്തുന്നുണ്ടെന്നും ഉപകരണത്തിലെ ഡേറ്റയിൽ നിന്ന് വ്യക്തമാകുന്നു. അഹമ്മദാബാദിൽ നിന്നാണ് പക്ഷിയെ കാണാതായത്.ജയ്‌സാമീറിലെ നാചനയിൽ നിന്ന് ഹുബാറ പക്ഷിയെ പിടികൂടിയ വിവരം വിഷ്ണു കി ധാനിയിലെ രണ്ട് ഗ്രാമവാസികളാണ് 87-ാം ബറ്റാലിയനെ അറിയിച്ചത്. ബി.എസ്.എഫ് ജവാന്മാർ സ്ഥലത്തെത്തി പക്ഷിയെ ഏറ്റെടുത്തു. ക്ഷീണിതനായ പക്ഷിക്ക് വെള്ളവും ആഹാരവും ബി.എസ്.എഫ് നൽകി.