കൊച്ചി : തിരുവനന്തപുരം ബിഎസ്എൻഎൽ എംപ്ലോയീസ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ അഞ്ച് ഡയറക്ടർമാരുടെ മുൻകൂർ ജാമ്യ ഹർജി കൂടി ഹൈക്കോടതി തള്ളി. ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥരായ സോഫിയാമ്മ തോമസ്, മനോജ് കൃഷ്ണൻ, അനിൽകുമാർ, പ്രസാദ് രാജ്, മിനിമോൾ എന്നിവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തട്ടിപ്പിൽ പങ്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നായിരുന്നു പ്രതികൾ കോടതിയെ അറിയിച്ചത്. എന്നാൽ സഹകരണ സംഘത്തിൽ നടന്നത് ആസൂത്രിത സാമ്പത്തിക കുറ്റകൃത്യം ആണെന്നും പ്രതികൾ കള്ളപ്പണം ഒളിപ്പിച്ച ഉറവിടം കണ്ടെത്താൻ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ അറിയാതെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടക്കില്ലെന്നും മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം വഞ്ചിയൂർ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആകെ 15 പ്രതികൾ ഉള്ള കേസിൽ 10 പേരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.



















