ഡല്‍ഹി: ഈ ഓഫർ കമ്പനി ആദ്യം അവതരിപ്പിച്ചത് 2021 ഒക്ടോബർ 1ന് ആയിരുന്നു. ഇത് 2021 ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ ഓഫർ ഇപ്പോൾ നീട്ടിയിരിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനം വരെയാണ് ഓഫർ നീട്ടിയിരിക്കുന്നത്. മാർച്ച് 31 വരെയാണ് ഈ സൌജന്യ സിം കാർഡ് ഓഫർ ലഭ്യമാകുന്നത്.
നിങ്ങൾക്ക് സൗജന്യമായി ഒരു പുതിയ ബിഎസ്എൻഎൽ 4ജി സിം കാർഡ് വേണമെങ്കിൽ ആദ്യം സിം കാർഡ് എടുക്കുമ്പോൾ തന്നെ 100 രൂപയിൽ കൂടുതലുള്ള ഫസ്റ്റ് റീചാർജ് പ്ലാൻ (എഫ്ആർസി) തിരഞ്ഞെടുക്കേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ചതു പോലെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) ഉപഭോക്താക്കൾക്കും സൗജന്യമായി 4ജി സിം കാർഡ് ലഭിക്കും. പോർട്ട് ചെയ്യുന്നവർക്ക് ബിഎസ്എൻഎൽ 4ജി സിം കാർഡ് സിം ആക്ടിവേറ്റ് ചെയ്യാനായി റീചാർജ് ചെയ്യാനുള്ള പണം മാത്രം നൽകിയാൽ മതിയാകും.
4ജി സിം കാർഡ് മാത്രമല്ല ബിഎസ്എൻഎൽ പോർട്ട് ചെയ്യുന്ന ആളുകൾക്ക് നൽകുന്നത്. തങ്ങളുടെ നെറ്റ്‌വർക്കിൽ ചേരാൻ എംഎൻപി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 5 ജിബി ഡാറ്റ സൗജന്യമായി നൽകുന്ന ഓഫറും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ അതിന്റെ നെറ്റ്‌വർക്കിലേക്ക് പോർട്ട് ചെയ്യുന്ന ഉപഭോക്താക്കൾക്കായി ‘#SwitchtoBSNL’ എന്ന പേരിൽ ഒരു ക്യാമ്പെയിൻ നടത്തുന്നുണ്ട്. ബിഎസ്എൻഎൽ 5ജിബി ഡാറ്റ സൌജന്യമായി ലഭിക്കാൻ ഉപഭോക്താക്കൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ഉപയോക്താക്കൾ ബിഎസ്എൻഎല്ലിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഫോളോ ചെയ്യണം എന്നതാണ്.
മറ്റ് ടെലിക്കോം കമ്പനികളെ വെല്ലുന്ന മികച്ചൊരു പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ നൽകുന്നുണ്ട്. 398 രൂപയാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വില. അധികം തുക റീചാർജിനായി ചിലവഴിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യമാണ് ബിഎസ്എൻഎൽ 398 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്. വേഗത നിയന്ത്രിക്കാതെയുള്ള അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണ് ഇത്. ഈ പ്ലാൻ റീചാർജ് ചെയ്ത ആളുകൾക്ക് ഡാറ്റ വൌച്ചറുകൾ അന്വേഷിക്കേണ്ടതായി വരില്ല.
30 ദിവസത്തെ വാലിഡിറ്റിയാണ് 398 രൂപ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ വിളിക്കാനുള്ള സൌജന്യ കോളിങ് ഓഫറുകളും ലഭിക്കും. 4ജി ലഭ്യമല്ലാത്ത സർക്കിളുകളിലെ ആളുകൾക്ക് ഈ പ്ലാൻ വലിയ ഗുണം ചെയ്യില്ല. എന്നാൽ കേരളം അടക്കമുള്ള 4ജി ലഭ്യമായ സർക്കിളുകളിൽ ഈ പ്ലാൻ ഏറെ ഗുണകരമാണ്. നിലവിൽ ബിഎസ്എൻഎൽ രാജ്യത്തെ എല്ലായിടത്തും 4ജി ട്രയലുകൾ നടത്താൻ ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.