ദില്ലി : കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഉറ്റുനോക്കി രാജ്യം. എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നാണ് പുറത്ത് വരുന്ന സൂചന. നിലവില്‍ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 51 ശതമാനത്തിന് മാത്രമേ പരിരക്ഷയുള്ളൂ. എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിലൂടെ കൂടുതല്‍ നിക്ഷേപം സമാഹരിക്കാനാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. സഹകരണ ബാങ്കുകളിലും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് ഒരുലക്ഷം രൂപയില്‍ നിന്ന് അടുത്തിടെ അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ആദായ നികുതി പരിധി വര്‍ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ആദായ നികുതി പരിധി വര്‍ധിപ്പിക്കുന്നതടക്കം മധ്യവര്‍ഗത്തെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
എല്ലാ ആദായ നികുതി സ്ലാബുകളിലെയും പരിധി അന്‍പതിനായിരം രൂപ വരെയെങ്കിലും ഉയര്‍ത്തിയേക്കും. രാജ്യം കൊവിഡ് പിടിയില്‍ അമര്‍ന്നതോടെ കൂടുതല്‍ മേഖലകള്‍ പരമാവധി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ വര്‍ക്ക് അറ്റ് ഹോം അലവന്‍സും പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്റര്‍നെറ്റ് , വൈദ്യുതി ചാര്‍ജ് തുടങ്ങിയവക്ക് നികുതി ഇളവ് നല്‍കുന്നതാണ് വര്‍ക്ക് അറ്റ് ഹോം അലവന്‍സ്. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ഇന്നലെ പാര്‍ലമെന്റിന് മുന്നില്‍ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളില്‍ ബജറ്റില്‍ അനുകൂല നിലപാടുണ്ടായാല്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും.