ദില്ലി : രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ലോക്സഭയില്‍ ഇന്ന് മറുപടി നല്‍കും. 12 മണിക്കൂറിലധികം നീണ്ടു നിന്ന ചര്‍ച്ചയാണ് ലോക്സഭയില്‍ നടന്നത്. 2022 ലെ ബജറ്റ് സമ്മേളനം ജനുവരി 31 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ ആരംഭിച്ചിരുന്നു. സമ്മേളനത്തിന്റെ ആദ്യഭാഗം ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയും രണ്ടാം ഭാഗം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 8 വരെയും നടക്കും. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന സൂചന നല്‍കുന്നതായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. എല്ലാവരുടെയും കൂടെ എല്ലാവരുടെയും വിശ്വാസം എന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ അടുത്ത 25 കൊല്ലത്തെ വികസന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി ഇതു തടയാനുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത്. ഹജ്ജയാത്രയ്ക്ക് പോകുന്ന സ്ത്രീകള്‍ക്കുണ്ടായിരുന്ന തടസ്സങ്ങളും സര്‍ക്കാര്‍ നീക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. കൊവിഡിനെതിരെ ഒരു ടീമായി രാജ്യം പോരാടിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയില്‍ തയ്യാറാക്കിയ വാക്സീനുകള്‍ ലോകത്തെയാകെ മഹാമാരിയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. 2,60,000 കോടി മുടക്കി സൗജന്യ ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് വിതണം ചെയ്തു. പതിനൊന്ന് കോടി കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി പ്രകാരം 6000 രൂപ വീതം നല്കി. ഇന്ത്യ വീണ്ടും സാമ്പത്തി വികസനത്തിന്റെ പാതയിലെന്നും രാഷ്ട്രപതി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയ്ക്കിടയിലും നിരവധി പേരെ മടക്കിക്കൊണ്ടു വരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ സേനകള്‍ക്കു വേണ്ട ഉപകരണങ്ങളില്‍ എണ്പതു ശതമാനവും രാജ്യത്തിനകത്ത് നിര്‍മ്മിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.