കൊച്ചി∙ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ പൂർണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുമ്പോൾ ധനമന്ത്രി നിർമല സീതാരാമന്റെ പരിഗണനയിൽ എന്തൊക്കെ വിഷയങ്ങൾ? നാലു വർഷം കൊണ്ടു സമാഹരിച്ച വരുമാനം അവസാന വർഷം പരമാവധി ചെലവഴിക്കുന്നതാണ് മികച്ച ധനമന്ത്രിമാരുടെ രീതി. പ്രത്യക്ഷ നികുതിയിൽ 20% വളർച്ചയാണ് ഇക്കൊല്ലം നേടുന്നത്. പ്രതീക്ഷിച്ചതിലേറെ. പ്രത്യക്ഷ നികുതി നിരക്കുകളിൽ ഉൾപ്പെടെ ഇടത്തരക്കാർ സ്വാഗതം ചെയ്യുന്ന മാറ്റങ്ങൾ വന്നേക്കാം. താനും ഇടത്തരം കുടുംബത്തിൽ നിന്നാണു വരുന്നതെന്ന ധനമന്ത്രിയുടെ പ്രസ്താവന തന്നെ സൂചനയാണ്.
5 പ്രധാന പരിഗണനകൾ
1. പണപ്പെരുപ്പം 6 ശതമാനത്തിൽ താഴെ എത്തിക്കുക എന്ന ലക്ഷ്യം കണ്ടു. 5.7% വരെ എത്തി. വികസിത രാജ്യങ്ങളിലെ പണപ്പെരുപ്പ നിരക്കിനേക്കാൾ വളരെ താഴെ. യൂറോ മേഖലയിൽ ഇപ്പോഴും 10 ശതമാനമാണ് പണപ്പെരുപ്പം.
2. ആഭ്യന്തര വരുമാന വളർച്ചാ നിരക്ക് 7 ശതമാനത്തിലെത്തുമെന്ന് (6.9%) ഐഎംഎഫ് പോലും പറയുന്നു. വലിയ സമ്പദ് വ്യവസ്ഥകളിലെല്ലാമുള്ള വളർച്ചാ നിരക്കിനേക്കാൾ 3% അധികമാണിത്.
3. തിരഞ്ഞെടുപ്പ് വർഷമായതിനാൽ വിവിധ ജനവിഭാഗങ്ങളുടെ വിമർശനം ക്ഷണിച്ചു വരുത്താവുന്ന സാമ്പത്തിക പരിഷ്കരണങ്ങൾക്കു തൽക്കാലം അവധി കൊടുക്കേണ്ടി വരും.
4. തൊഴിലില്ലായ്മ 8.3% വരെ എത്തിയ സ്ഥിതിക്ക് തൊഴിലവസരങ്ങൾ കാര്യമായി സൃഷ്ടിക്കാൻ സമ്മർദമുണ്ട്. വ്യവസായ ഉൽപാദനം കാര്യമായി ഉയരുന്നുമില്ല. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വൻതുക നീക്കിവച്ച് തൊഴിൽ സൃഷ്ടിക്കുകയാണ് പോംവഴി. കഴിഞ്ഞ വർഷം 7.5 ലക്ഷം കോടി രൂപ നീക്കിവച്ചത് ഇനിയും കൂടാം.
5. ഇക്കൊല്ലം ജി20യുടെ നേതൃത്വം ഇന്ത്യയ്ക്കായതിനാൽ അമിതമായ ‘പോപ്പുലിസ്റ്റ്’ നടപടികൾ പ്രതിച്ഛായയ്ക്കു തന്നെ കോട്ടമാവും. മറ്റു രാജ്യങ്ങളിൽ നിന്നു വിപണിയെ സംരക്ഷിക്കാനുള്ള പ്രൊട്ടക്‌ഷനിസ്റ്റ് നയങ്ങളും ഒഴിവാക്കേണ്ടി വരും.