ന്യൂഡൽഹി : തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നിർദേശങ്ങൾ ചൊവ്വാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലുണ്ടായേക്കും. നിർണായകമല്ലാത്ത മേഖലകളിലെ സ്വകാര്യവത്കരിക്കുകയോ പൂട്ടുകയോ ചെയ്യേണ്ട സ്ഥാപനങ്ങളെ കണ്ടെത്താൻ നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തിന്റെ നേതൃത്വത്തിൽ ഒരു ഉന്നതസമിതിക്ക് സർക്കാർ രൂപം കൊടുത്തിട്ടുണ്ട്. സമിതിയുടെ ശുപാർശ പ്രകാരമായിരിക്കും തീരുമാനം. ഓഹരി വിൽപ്പനയെക്കാൾ സ്വകാര്യവത്കരണത്തിന് മുൻഗണന നൽകുന്ന നിർദേശങ്ങളായിരിക്കും ബജറ്റ് മുന്നോട്ടുവെക്കുന്നത്. സ്റ്റീൽ, ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, നഗരവികസനം, ആരോഗ്യപരിപാലനം തുടങ്ങിയ തന്ത്രപ്രധാനമല്ലാത്ത മേഖലകളിൽ ലാഭത്തിലല്ലാതെ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുകയോ പൂട്ടുകയോ ചെയ്യണമെന്നാണ് പുതിയ പൊതുമേഖലാ വ്യവസായ നയം നിർദേശിക്കുന്നത്.