ദില്ലി : ബഫർ സോൺ വിധിയിൽ ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.ഇളവ് തേടി സംസ്ഥാനങ്ങൾ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയോ, വനം പരിസ്ഥിതി മന്ത്രാലയത്തേയോ സമീപിക്കണം. ഇതിന്‍റെ അടിസ്ഥാനത്തിൽ എംപവേർഡ് സമിതിയും മന്ത്രാലയവും ശുപാർശ കോടതിയിൽ സമർപ്പിക്കും.കോടതിയുടേതാണ് അന്തിമ തീരുമാനമെന്നും മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കി, സംസ്ഥാനങ്ങളുടെ ശുപാർശകൾ കൂടി കണക്കിലെടുത്തേ പരിസ്ഥിതി ലോല മേഖല ഉത്തരവിൽ അന്തിമ വിജ്ഞാപനം ഇറക്കൂവെന്നും മന്ത്രാലയം സഭയിൽ രേഖാമൂലം മറുപടി നൽകി.കേരളത്തിൽ നിന്നുള്ള എം പിമാരായ അടൂർ പ്രകാശ്,ആന്‍റോ ആന്‍റണി , ഡീൻ കുര്യാക്കോസ് തുടങ്ങിയനർ നൽകിയ ചോദ്യത്തിനായിരുന്നു ഈ മറുപടി.
ബഫർ സോൺ വിധിയിൽ കേരളം ഹർജി ഫയൽ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ചർച്ചകൾക്ക് ശേഷം മതി എന്ന് തീരുമാനിക്കുകയായിരുന്നു. അനൂകൂല നിലപാടിനുള്ള എല്ലാ സാധ്യതകളും ഉറപ്പാക്കിയ ശേഷം മാത്രമാകും ഹർജി നൽകുക. സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോ മീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം. ഇതിനായി തുറന്ന കോടതിയിൽ തന്നെ ഹർജി എത്തുന്ന തരത്തിൽ നീങ്ങാനായിരുന്നു തീരുമാനം.
നിലവിൽ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷൻ പെറ്റീഷനാണ് കേരളം നൽകാൻ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാൽ നിയമനിർമ്മാണ് സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം. എന്നാൽ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണെത്തിയത്.കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനും വന്‍തോതിലുളള നിര്‍മാണങ്ങള്‍ക്കും മില്ലുകള്‍ ഉള്‍പ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചിരുന്നത്.