വയനാട് : സംരക്ഷിത വനാതിര്‍ത്തിയിലെ ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ഈ മാസം 12ന് ബത്തേരിയിൽ ആയിരങ്ങളെ സംഘടിപ്പിച്ചുള്ള മനുഷ്യമതിൽ തീർക്കും. ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന നെന്മേനി, നൂൽപ്പുഴ, തിരുനെല്ലി പഞ്ചായത്തുകളും സർവകക്ഷിയോഗം വിളിച്ചു ചേർക്കും.
ജനകീയ കൺവൻഷനുകൾ വിളിച്ചുചേർത്ത് സുപ്രീംകോടതി ഉത്തരവിനെതിരെ സമരമുഖത്തേക്ക് കടക്കനാണ് വയനാട്ടിലെ വിവിധ സംഘടനകളുടെ തീരുമാനം. ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിന് സംയുക്ത സമര സമിതി രൂപീകരിക്കാനും ആലോചനയുണ്ട്. ഉത്തരവിനെതിരെ ബത്തേരി നഗരസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. കോടതി വിധി നടപ്പിലായാൽ പ്രതികൂലമായി ബാധിക്കുന്ന പഞ്ചായത്തുകളും സർവകക്ഷി യോഗം വിളിച്ചു ചേർത്ത് പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. വയനാടിന്‍റെ വികസനത്തെ തകർക്കുന്ന ഉത്തരവിനെതിരെ ജില്ലയിലെ വിവിധ മേഖലകളിൽ പ്രക്ഷോഭത്തിന് തയ്യാറെടുക്കാനാണ് എൽഡിഎഫ് യോഗ തീരുമാനം. ആദ്യ പടിയായി ഈ മാസം 12ന് ബത്തേരിയിൽ മനുഷ്യമതിലും സമരപ്രഖ്യാപന സമ്മേളനവും നടത്തും.
ഇതിന് മുൻപ് രാത്രികാല നിരോധനത്തിനെതിരെയാണ് വയനാട്ടിൽ ജനകീയ സമരങ്ങൾ അരങ്ങേറിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലിൽ പ്രതീക്ഷയർപ്പിക്കുകയാണ് മലയോര ജനത.