ന്യൂഡൽഹി: ബഫർസോണ്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി. ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന ഉത്തരവാണ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത്.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുളള ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ഇഎസ്‍സെഡ്/ബഫർസോൺ) തീരുമാനിക്കുമ്പോൾ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൊതുസ്ഥാപനങ്ങളും പൂർണമായി ഒഴിവാക്കാൻ ഉചിതമായ നടപടികൾക്കു വനം വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 27ലെ മന്ത്രിസഭാ യോഗ തീരുമാനത്തെ തുടർന്ന് അഡ്വക്കറ്റ് ജനറലിന്റെയും നിയമ വകുപ്പിന്റെയും അനുമതി വാങ്ങിയ ശേഷമായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.
ജൂൺ 3നാണ് വന്യജീവി സങ്കേതങ്ങൾക്കും മറ്റും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.