ദില്ലി: ബഫർ സോൺ വിഷയത്തില്‍ സുപ്രിം കോടതി വിധിയില്‍ കേന്ദ്രം വ്യക്തത തേടി നൽകിയ ഹർജിയിലാണ് കേരളം കക്ഷി ചേരാൻ അപേക്ഷ നൽകിയത്. കേരളത്തിന്‍റെ ആശങ്കകൾ വ്യക്തമാക്കിയാണ് ഹർജി. നേരത്തെ സംസ്ഥാനം ബഫര്‍ സോണ്‍ വിഷയത്തില്‍ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജന്‍ ശങ്കറാണ് ഹർജി ഫയൽ ചെയ്തത്. 11 -നാണ് ബഫർ സോൺ ഹർജി സുപ്രിം കോടതി പരിഗണിക്കുന്നത്.
കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാത്തിലും കേന്ദ്രം കരട് വിജ്ഞാപനം ഇറക്കി. കൂടാതെ മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുതിർന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ കക്ഷിചേരാന്‍ കേരളവും അപേക്ഷ നല്‍കിയത്. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ജൂണ്‍ മൂന്നിലെ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ജനുവരി പതിനൊന്നിനാണ് സുപ്രിം കോടതി പരിഗണിക്കുക.