തൃശ്ശൂര്‍ : സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ തൃശൂര്‍ ജില്ലയിലെ പതിനൊന്ന് വില്ലേജുകളില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. പീച്ചി, ചിമ്മിനി, വാഴാനി വനമേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
രാവിലെ പട്ടിക്കാട് സെന്ററില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ വില്ലേജുകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. പൊതു ഗതാഗതവും തടസ്സപ്പെട്ടു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.