തിരുവനന്തപുരം : സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിൽ പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കാനായി ബത്തേരി നഗരസഭ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സർവകക്ഷി യോഗം ചേരും. രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ജനകീയ പ്രതിഷേധം എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാനാണ് യോഗം. നഗരസഭ കൗൺസിൽ ഉത്തരവിനെതിരെ പ്രമേയം പാസാക്കിയേക്കും. ഈ മാസം 14 ന് ബത്തേരി നഗരസഭയിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള കോടതി വിധി നടപ്പിലായാൽ വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ബാധിക്കുക ബത്തേരി നഗരത്തെയാണ്.