താമരശേരി: വന്യ ജീവി സങ്കേതങ്ങള്‍ക്ക് വെളിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീം കോടതി വിധിയുടെ മറവില്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മതിയായ രേഖകളോടു കൂടിയ കൃഷി ഭൂമിയടക്കം പിടിച്ചെടുത്ത് വന വിസ്തൃതി വര്‍ദ്ധിപ്പിക്കാനുള്ള വനംവകുപ്പിന്റെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും നീക്കത്തിനെതിരെ താമരശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍. വിവിധ തലങ്ങളിലും വ്യത്യസ്ത കേന്ദ്രങ്ങളിലും നിന്ന് ശക്തമായ പ്രതിഷേധവുമുയരുന്നതിനൊപ്പമാണ് താമരശേരി രൂപതയുടെ പ്രതികരണം.
ബഫര്‍ സോണ്‍ പ്രശ്‌നത്തിലെ പുതിയ മാപ്പ് സംബന്ധിച്ചുള്ള ആശങ്കയകറ്റണമെന്നാവശ്യപ്പട്ട് യോഗത്തില്‍ പ്രമേയവും അവതരിപ്പിച്ചു. റിസര്‍വ്വ് വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന വന്യ ജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ വേണമെന്ന സുപ്രീംകോടതി വിധിയില്‍ അത് ജനവാസ കേന്ദ്രങ്ങളായിരിക്കണമെന്ന ഒരു നിര്‍ദ്ദേശവുമില്ല. വന്യ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ അതിര്‍ത്തികള്‍ സംസ്ഥാന സര്‍ക്കാര്‍ വനത്തിലുള്ളിലേയ്ക്ക് മാറ്റി പുനര്‍ നിര്‍ണ്ണയിച്ച് കേന്ദ്ര വൈല്‍ഡ് ലൈഫ്‌ബോര്‍ഡിന് സമര്‍പ്പിച്ച് സുപ്രീം കോടതിയില്‍ അത് ഹാജരാക്കി ശാശ്വതമായ പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഉപഗ്രഹമാപ്പ് അപൂര്‍ണ്ണവും അവ്യക്തവും വലിയ അപകടം പതിയിരിക്കുന്നതുമാണെന്ന് സമിതി നിരീക്ഷിച്ചു.
തെറ്റായ മാപ്പ് വിന്‍വലിച്ച് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ജനങ്ങളുടെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ ഇവരുടെ സഹകരണത്തോടെ തയ്യാറാക്കി വിദഗ്ധ സമിതി വഴി സുപ്രീം കോടതിയ്ക്ക് സമര്‍പ്പിച്ച് പ്രശ്‌നം പരിഹരിക്കാത്ത പക്ഷം പൊതുജന പ്രക്ഷോഭം അടക്കമുള്ള വലിയ സമരമുറകളിലേയക്ക് നീങ്ങുമെന്നും സമിതി നരീക്ഷിച്ചു. പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ശാലോം ടിവി ചെയര്‍മാന്‍ ബെന്നി പുന്നത്തറ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര സ്വാഗതം പറഞ്ഞു. ചാന്‍സിലര്‍ ഫാ. ജോര്‍ജ്ജ് മുണ്ടനാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ബെന്നി ലൂക്കോസിനെ തെരഞ്ഞെടുത്തു. പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് വര്‍ഗ്ഗീസ്, ബഫര്‍ സോണ്‍ പ്രതിസന്ധി സംബന്ധിച്ച് കേരള കര്‍ഷക സംയുക്ത അതിജീവന സമിതി സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. ചാക്കോ കാളംപറമ്പില്‍ എന്നിവര്‍ വിശദീകരിച്ചു. രൂപത സ്ഥാപനത്തിന്റെ റൂബി ജൂബിലി ഭാഗമായുള്ള കര്‍മ്മ പദ്ധതികള്‍ക്ക് പാസ്റ്ററല്‍ കൗസില്‍ അന്തിമ രൂപം നല്‍കി. അഡ്വ. ബീന ജോസ്, തോമസ് വലിയ പറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.