കായംകുളം : കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് മുന്‍ നേതാവും കുപ്രസിദ്ധ മോഷ്ടാവും പിടിയിൽ. യൂത്ത് കോൺഗ്രസ് കായംകുളം മണ്ഡലം സെക്രട്ടറിയായിരുന്ന സഫറുദ്ദീൻ , സ്പൈഡർ സുനിൽ എന്ന സുനിൽ എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കോൺഗ്രസ് മുൻ ജില്ലാ കമ്മിറ്റി അംഗം കൃഷ്ണപുരം കറുകതറയിൽ കെ.എം.ബഷീറിന്‍റെ വീട് കുത്തി തുറന്ന് നടത്തിയ മോഷണത്തിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ജൂൺ 25നായിരുന്നു സംഭവം. ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ബഷീറിന്‍റെ ബന്ധു വീട് തുറക്കാൻ നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിൻറെ മുൻ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് അടുക്കള വാതിൽ കുത്തിത്തുറന്നതായി ശ്രദ്ധയിൽപ്പെട്ടു . വീടിൻറെ അലമാര പൊളിച്ച നിലയിലായിരുന്നു. പോലീസ് അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.സ്പൈഡർ സുനിൽ ആണ് വീട് കുത്തി തുറന്ന് മോഷണം നടത്തിയത്. 25 പവനും പണവും ഇവിടെ നിന്നും മോഷ്ടിച്ചു. കോൺഗ്രസ് കായംകുളം മണ്ഡലം സെക്രട്ടറിയായിരുന്ന സഫറുദ്ദീൻ ആണ് സ്വർണ്ണം വിൽക്കുവാൻ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ചേർന്ന് കായംകുളത്ത് തന്നെ നാല് മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓച്ചിറ, വള്ളിക്കുന്നം മേഖലകളിലും ഇവര്‍ക്കെതിരെ മോഷണക്കേസുകള്‍ നിലവിലുണ്ട്.