മലപ്പുറം: പെരിന്തല്‍മണ്ണ മേഖലയില്‍ ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് 90 പവനോളം സ്വർണ്ണം മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി നൗഫല്‍, മോഷണ മുതല്‍ വില്‍ക്കാൻ സഹായിച്ച പട്ടാമ്പി സ്വദേശി ബഷിര്‍ എന്നിവരാണ് പിടിയിലായത്. പശ്ചിമ ബംഗാളില്‍ താമസമാക്കിയ നൗഫല്‍ ഇടയ്ക്കിടെ കേരളത്തിലെത്തി ആഡംബര വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി മടങ്ങുകയായിരുന്നു പതിവ്.
ഇക്കഴിഞ്ഞ ജൂണ്‍ 11 നാണ് അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയില്‍ വീട്ടുകാര്‍ പുറത്ത് പോയസമയത്ത് മോഷണം നടന്നത്. രാത്രിയില്‍ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള വാച്ചുകളുമാണ് നഷ്ടമായത്. മുതുകുര്‍ശ്ശി എളാടും സമാനരീതിയില്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയിരുന്നു.
സിസിടിവി ദൃശ്യങ്ങളും മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതിയായ മൂവ്വാറ്റുപുഴ സ്വദേശി നൗഫലിനെക്കുറിച്ച് സൂചന ലഭിച്ചു. പക്ഷേ നാടുമായോ വീടുമായോ ഒരു തരത്തിലും ബന്ധപ്പെടാത്ത പ്രതിയെ കുറിച്ച് കൂടുതല്‍ വിിവരങ്ങള്‍ ലഭിച്ചില്ല. ചെന്നൈ,കൊയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രയിനിലും ഇയാളുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചിരുന്നു.
ഉത്തരേന്ത്യയിലേക്കുള്ള ലോറികളില്‍ മുന്‍പ് ഡ്രൈവറായി ജോലിചെയ്തിരുന്ന ഇയാള്‍ക്ക് അഞ്ച് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നുള്ള വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പശ്ചിമ ബംഗാളില്‍ നിന്ന് പ്രതി ട്രയിന്‍ മാര്‍ഗ്ഗം കേരളത്തിലെത്തി മോഷണം നടത്തുന്നെന്ന് മനസിലായത്. ചില പ്രത്യേക ദിവസങ്ങളാണ് മോഷണത്തിനായി തെരഞ്ഞെടുക്കാറുള്ളത്. ഖത്തറിലെ ബിസിനസുകാരനെന്ന് പറഞ്ഞ് നൗഫല്‍ സേഖ് എന്ന പേരിലായിരുന്നു പശ്ചിമ ബംഗാളില്‍ പ്രതി താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. അവിടെ സ്ഥലം വാങ്ങി വീടും വെച്ചിരുന്നു. മോഷണത്തിനായി കേരളത്തിലെത്തുമ്പോള്‍ പട്ടാമ്പി സ്വദേശി ബഷീറായിരുന്നു നൗഫലിന് വാടക വീട് തരപ്പെടുത്തിക്കൊടുക്കാറുള്ളത്. ആഡംബര വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം. കഴിഞ്ഞ ദിവസം പ്രതി പട്ടാമ്പി ടൗണില്‍ പ്രതിയെത്തിയതായി വിവരം ലഭിച്ചു. ഇവിടെ വെച്ചാണ് പിടിയിലായത്. മലപ്പുറം,പാലക്കാട് ജില്ലകളില്‍ ആള്‍ത്താമസമില്ലാത്ത ഇരുപത്തഞ്ചോളം വീടുകളില്‍ നടന്ന മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കാനായതായും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.