ഹൈദരാബാദ്: ഹൈദരാബാദിനടുത്ത് സഫിയാബാദിൽ ദുർഗാ വിഗ്രഹം തകർത്തതിന് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുർഖ ധരിച്ചെത്തിയ ഇരുവരും ചിന്തൽബസ്തിയിലെ പന്തലിലെത്തി ആരാധനാവിഗ്രഹം തകർക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഭക്തർ അടുത്തെത്തിയപ്പോഴേക്കും യുവതികൾ ഓടിരക്ഷപ്പെട്ടു. നാട്ടുകാർ പിന്നാലെ പോയി ഇവരെ പിടികൂടുകയായിരുന്നു. നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ പന്തലിലെത്തിയാണ് യുവതികൾ അതിക്രമം നടത്തിയത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇവരിലൊരാൾ വിഗ്രഹം അടിച്ചുതകർക്കുകയായിരുന്നു. പന്തലിന് പുറത്ത് നിൽക്കുകയായിരുന്നു രണ്ടാമത്തെ യുവതി. പന്തലിലുണ്ടായിരുന്നവർ ബഹളം വച്ചതോടെയാണ് ഇവരിറങ്ങി ഓടിയത്.
പന്തലിലെ വിഗ്രഹം തകർത്തതിന് പുറമേ ഫസ്റ്റ് ലാൻസറിലെ പള്ളിയിലും ഇവർ നാശനഷ്ടമുണ്ടാക്കിയതായി പൊലീസ് പറഞ്ഞു. ഈ യുവതികൾ സഹോദരിമാരാണ്. കുടുംബവുമായി തങ്ങൾ സംസാരിച്ചെന്നും ഇരുവർക്കും മാനസികപ്രശ്നങ്ങളുള്ളതാണെന്ന് വീട്ടുകാർ പറഞ്ഞെന്നും പൊലീസ് അറിയിച്ചു. വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമെന്നും പൊലീസ് കമ്മീഷണർ എം രാജേഷ് ചന്ദ്ര അറിയിച്ചു. യുവതികൾ രണ്ടും മാതാപിതാക്കളോടൊപ്പമാണ് താമസം. സഹോദരന്മാർ വേറെ വീടുകളിലാണ്. 2018ൽ ജിദ്ദയിൽ നിന്നെത്തിയതു മുതൽ സഹോദരികൾ മാനസികവിഭ്രമം കാണിക്കുന്നുണ്ട്. ഇക്കാര്യം ഒരു സഹോദരൻ സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു.
അതേസമയം, അമ്മയും സഹോദരങ്ങളും മാനസികരോഗികളാണെന്ന് യുവതികളുടെ സഹോദരൻ അസിമുദ്ദീൻ പറഞ്ഞതായി എ എൻ ഐ റിപ്പോർട്ട് ചെയ്തു. അമ്മയ്ക്കും സഹോദരിമാർക്കും സ്കിസോഫ്രീനിയ ആണ്. ഒരു മതിർന്ന സഹോദരനുണ്ട്. അദ്ദേഹത്തിന് പാരനോയിഡ് സ്കിസോഫ്രീനിയ ആണ്. അസിമുദ്ദീൻ പറഞ്ഞു.
അതിനിടെ, ഇസ്ലാം വിശ്വാസം പിന്തുടരാത്തതിന് ഹിന്ദുവായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബുർഖ ധരിക്കാത്തതിനും ഇസ്ലാം വിശ്വാസങ്ങൾ പിന്തുടരാത്തതിനുമായിരുന്നു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ തിലക് നഗർ മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇഖ്ബാൽ മുഹമ്മദ് ഷെയ്ഖ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. രുപാലി ചന്ദൻശിവെ മൂന്ന് വർഷം മുമ്പാണ് ഇഖ്ബാലിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് വയസ്സുള്ള കുഞ്ഞും ഉണ്ട്.