ഭോപാൽ : ബസ് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 190 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സാത്ന സ്വദേശിയായ ശംസുദ്ദീനെ(47)യാണ് മധ്യപ്രദേശിലെ കോടതി ശിക്ഷിച്ചത്. 19 കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ പ്രത്യേകം അനുഭവിച്ചാൽ മതിയാകും. കേസിൽ ബസ് ഉടമയെ പത്ത് വർഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്. 2015 മെയ് നാലാം തീയതിയാണ് മധ്യപ്രദേശിലെ പന്നായിലുണ്ടായ ബസ് അപകടത്തിൽ 22 പേർ മരിച്ചത്. 65 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് മഡ്ല ഹില്ലിന് സമീപം വറ്റിവരണ്ട കനാലിലേക്ക് മറിയുകയും ബസിന് തീപിടിക്കുകയുമായിരുന്നു. അപകടത്തിൽ 22 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിരവധി കാര്യങ്ങളാണ് പോലീസ് കണ്ടെത്തിയത്. കമ്പികൾ ഘടിപ്പിച്ചത് കാരണം ബസിന്റെ എമർജൻസി വാതിൽ തുറക്കാൻ കഴിയാത്ത രീതിയിലായിരുന്നു. ഇതിന് സമീപത്ത് അധികമായി സീറ്റുകൾ ഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതുകാരണം അപകടമുണ്ടായപ്പോൾ യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിപ്പോയെന്നും എമർജൻസി വാതിൽ തുറന്ന് രക്ഷപ്പെടാൻ സാധിച്ചില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. മാത്രമല്ല അമിതവേഗത്തിലാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതും വ്യക്തമായി. അപകടത്തിൽപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡ്രൈവർ വഴങ്ങിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവർ ശംസുദ്ദീനെതിരേയും ബസുടമയ്ക്കെതിരേയുമാണ് പോലീസ് കേസെടുത്തിരുന്നത്. ഐ.പി.സി. 304, 304(എ), 279, 337 തുടങ്ങിയ വകുപ്പുകൾ ഡ്രൈവർക്കെതിരേ ചുമത്തിയിരുന്നു. ഇതിനുപുറമേ മോട്ടോർ വെഹിക്കിൾ ആക്ടിലെ വകുപ്പുകൾ പ്രകാരവും കേസെടുത്തു.