ചെന്നൈ : കേരളത്തെ അപേക്ഷിച്ച് ഡീസൽ വിലയിൽ നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്നാട്ടിൽ ബസ് നിരക്കു കേരളത്തിലേതിന്റെ നേർപകുതി. ഓർഡിനറി ബസുകളിൽ മിനിമം നിരക്ക് 5 രൂപ. സ്ത്രീകൾക്കും സ്കൂൾ വിദ്യാർഥികൾക്കും മുതിർന്നവർക്കും ഓർഡിനറി ബസുകളിൽ യാത്ര പൂർണമായി സൗജന്യം. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്നാട്ടിൽ അവസാനമായി നിരക്കുവർധനയുണ്ടായത് 2018 ലാണ്.
ഓർഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണു നിലവിലെ മിനിമം നിരക്ക്. 21,000 ബസുകളാണു ദിവസവും നിരത്തിലിറങ്ങുന്നത്. 2 കോടി ജനം ബസുകളെ ആശ്രയിക്കുന്നു. ദൈനംദിന നഷ്ടം 20 കോടിയെന്നാണു കണക്ക്. സബ്സിഡിയായി 1200 കോടി രൂപ ഓരോ മാസവും സർക്കാർ നൽകുന്നു.