കൊച്ചി: വിദ്യാർഥികളുടെ നിരക്ക് കൂട്ടണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കിൽ ഈ മാസം 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഉടമകൾ. വിദ്യാർഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് അംഗീകരിക്കാനാകില്ലെന്നും ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി.സർക്കാറുമായി ചർച്ചക്ക് തയാറാണ്. നേരത്തെ പ്രഖ്യാപിച്ച സമരം സർക്കാറിന്‍റെ ഉറപ്പിനെ തുടർന്നാണ് പിൻവലിച്ചത്. നവംബർ 18നകം പ്രശ്നപരിഹാരമുണ്ടാകുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ വാക്കുപാലിച്ചില്ലെന്ന് ബസ് ഉടമകൾ പറയുന്നു.
മറ്റ് നിർവാഹമില്ലാത്തതിനാലാണ് സമരത്തിലേക്ക് കടക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ പോലും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചതാണ്. എന്നിട്ടും ബസ് ചാർജ് വർധനയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ല -ബസ് ഉടമകൾ പറയുന്നു. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ആറ് രൂപയാക്കണമെന്ന ആവശ്യം ഉടമകൾ നേരത്തെ ഉയർത്തിയിരുന്നു. എന്നാൽ ഇത്ര വലിയ വർധന നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. കൺസഷൻ നിരക്ക് വർധിപ്പിക്കുന്നതിനെതിരെ വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിരുന്നു. മിനിമം ചാർജ് എട്ടിൽ നിന്ന് 12 രൂപയാക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെടുമ്പോൾ 10 രൂപയാക്കി വർധിപ്പിക്കാമെന്നാണ് സർക്കാർ മുന്നോട്ടുവെക്കുന്ന നിർദേശം.